കാനറ ബാങ്കിന് അറ്റാദായത്തില്‍ 89.42 ശതമാനം വാര്‍ഷിക വളര്‍ച്ച
പ്രവര്‍ത്തന ലാഭം 23.22 ശതമാനം വര്‍ധിച്ച് 6905 കോടി രൂപയിലെത്തി
നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1333 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 23.22 ശതമാനം വര്‍ധിച്ച് 6905 കോടി രൂപയിലുമെത്തി.
നികുതി ഇതര വരുമാനം 13.05 ശതമാനവും അറ്റ പലിശ വരുമാനം 18.51 ശതമാനവും ഫീ ഇനത്തിലുള്ള വരുമാനം 17.98 ശതമാനവും വര്‍ധിച്ചു. ബാങ്കിന്റെ ആഗോള ബിസിനസ് 13.89 ശതമാനം വര്‍ധിച്ച് 19,58,000 കോടി രൂപയും മറികടന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തി 205 പോയിന്റുകള്‍ കുറഞ്ഞ് 6.37 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 102 പോയിന്റുകള്‍ കുറഞ്ഞ് 2.19 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും ബാങ്കിനു കഴിഞ്ഞു.