ഫെബ്രുവരിയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു
വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചു
ഫെബ്രുവരിയിൽ സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചു. 3% ആഭ്യന്തര വില കുറഞ്ഞതാണ് പ്രധാന കാരണമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണാഭരണ ഡിമാന്‍ഡ് വര്‍ധിച്ചതും റീറ്റെയ്ല്‍ വില്‍പ്പന കൂടാന്‍ കാരണമായി. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചതായി അനുമാനിക്കുന്നതായി കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയില്‍ 11 ടണ്ണാണ് ഇറക്കുമതി ചെയ്തത്.
2023 ല്‍ ഇന്ത്യയില്‍ വാര്‍ഷിക സ്വര്‍ണ ഡിമാന്‍ഡ് 800 ടണ്ണിലേക്ക് തിരിച്ചു കയറുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു. 2022 ല്‍ 600 ടണ്ണാണ് ഇറക്കുമതി ചെയ്തത്.
ഇ ടി എഫ്
ആഗോള തലത്തില്‍ സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ (എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടസ്) നിന്ന് 1.7 ശതകോടി ഡോളര്‍ ഫെബ്രുവരിയില്‍ പിന്‍വലിക്കപെട്ടു. ഫണ്ടുകളുടെ സ്വര്‍ണ ശേഖരം 34 ടണ്‍ കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ 33 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് ഇ ടി എഫ്ഫുകള്‍ക്ക് ലഭിച്ചു. സ്വര്‍ണ ശേഖരം 1.3% വര്‍ധിച്ച് 37.9 ടണ്ണായി.
ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ച 10 സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ഇ ടി എഫ് ഗോള്‍ഡ് ബീസ് 8 -ാം സ്ഥാനത്ത് എത്തി. മൊത്തം സ്വര്‍ണ ശേഖരം 12.8 ടണ്‍. പുതുതായി ഫെബ്രുവരിയില്‍ 8.6 ദശലക്ഷം ഡോളര്‍ നിക്ഷേപം ഉണ്ടായി. ആഗോള വിപണിയില്‍ പലിശ നിരക്ക് വര്‍ധനവ്, സാമ്പത്തിക മാന്ദ്യ ഭീതി, ഓഹരി നിക്ഷേപങ്ങളുടെ ആദായം എന്നിവ സ്വര്‍ണ ഡിമാന്‍ഡിനെ സ്വാധീനിക്കും. സ്വര്‍ണ വിലയിലും, ഡിമാന്‍ഡിലും വര്‍ധനവ് ഉണ്ടാകുമെന്നാണ് വിപണി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.