മ്യൂച്വല്‍ ഫണ്ടുകള്‍ എവിടെ നിന്നൊക്കെ വാങ്ങാം, എങ്ങനെ ?
എവിടെ ഇരുന്നും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ചേരാം. കേരളത്തില്‍ ലഭ്യമായ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നു.
വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണെങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്ഥിര ശമ്പളക്കാരോ വ്യാപാരികളോ മുതിര്‍ന്ന വിദ്യാര്‍ത്ഥികളോ വീട്ടമ്മമാരോ ആരുമായിക്കൊള്ളട്ടെ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും അവ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കി മാത്രം നിക്ഷേപത്തിലേക്ക് ഇറങ്ങുക.
ദീർഘ കാലത്തേക്കുള്ള ലോംഗ് ടേം, ചുരുങ്ങിയ കാലത്തേക്കുള്ള ഷോര്‍ട് ടേം, ഇടക്കാല സമ്പാദ്യമാക്കാനുള്ള മിഡ് ടേം എന്നിങ്ങനെ കാലാവധി തെരഞ്ഞെടുക്കണം. കാലാവധി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വിവിധ ഫണ്ടുകള്‍ സ്മോള്‍, മിഡ്, ലാര്‍ജ് ക്യാപ് ഫണ്ടുകളും മികച്ച കമ്പനികളും അവയുടെ സമാപകാല പ്രകടനം, ചരിത്രം എന്നിവയെല്ലാം മനസ്സിലാക്കണം. വിദഗ്ധരുടെ അഭിപ്രായങ്ങളും സ്വീകരിക്കണം,എങ്കിലേ ശരിയായ ഫണ്ടുകള്‍ കണ്ടെത്താനാകൂ. എവിടെ നിന്നെല്ലാം മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാം എന്നു നോക്കാം, എങ്ങനെയെന്നും.
1. ഏജന്റുമാര്‍ വഴി
ഇന്‍ഷുറന്‍സോ മറ്റ് സമ്പാദ്യ പദ്ധതികളോ സാധാരണക്കാരിലേക്ക് എപ്പോളുമെത്തുന്നത് ഏജന്റുമാര്‍ വഴി ആയിരിക്കും. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുവാനും ഏറ്റവും പഴയതും സൗകര്യപ്രദവുമായ വഴിയാണിത്. എന്നാല്‍ റിസ്കുകളും ഉണ്ട്. നിക്ഷേപകന് ചെയ്യേണ്ടത് ആവശ്യമായ സ്ഥലങ്ങളില്‍ ഒപ്പിടുക മാത്രം. എന്‍ട്രി ലോഡ് എടുത്തു കളഞ്ഞതോടെ ഏജന്റുമാര്‍ക്ക് നല്കുന്ന സേവനത്തിന് കമ്മീഷന് നല്‍കേണ്ടതായി വരും. 1-2 ശതമാനമാണ് അവര്‍ ഈടാക്കുക. ഫോം പൂരിപ്പിക്കുന്നതിനും അത് ഓഫീസില്‍ എത്തിക്കുന്നതിനും മറ്റും ഒരു ശതമാനം ചാര്‍ജ് ധാരാളമാണ്. എന്നാല്‍ ഏതു മ്യൂച്വല്‍ ഫണ്ട് വാങ്ങണം, എങ്ങനെ നിക്ഷേപകന്റെ ധനകാര്യ ലക്ഷ്യം നേടാം തുടങ്ങിയ കാര്യങ്ങളില്‍ ഏജന്റ് ഉപദേശം നല്കിയാല് കൂടുതല്‍ തുക ഫീസായി നല്‍കേണ്ടതായി വരും.
വ്യക്തിഗത ഏജന്റുമാര്‍ക്കു പുറമേ കോര്‍പറേറ്റ് എജന്റുമാരുമുണ്ട്. നിക്ഷേപകന് പരിശോധിക്കേണ്ടത്, ഏജന്റുമാര്‍ അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ ( ആംഫി) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്.
2. ഡീമാറ്റ് അക്കൗണ്ട്
ഏറ്റവും സൗകര്യപ്രദമായ നിക്ഷേപ രീതികളിലൊന്നാണിത്. ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേയും പദ്ധതികള്‍ പരിശോധിക്കുവാനും ഇഷ്ടമുള്ളതില്‍ നിക്ഷേപം നടത്തുവാനും സാധിക്കും. ഇവിടെയും നിക്ഷേപകന് കമ്മീഷന് നല്‍കണം.രാജ്യത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനികള്‍ വഴി ഇത്തരത്തില്‍ ഡീമാറ്റ് അക്കൗണ്ട് തുറന്ന് മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപം നടത്താം. പല ബാങ്കുകളും ഈ സൗകര്യമൊരുക്കിയിട്ടുണ്ട്. ബ്രോക്കറേജ് ഓരോ കമ്പനികള്‍ക്കും വ്യത്യസ്തമായിരിക്കും. ജിയോജിത് ബി.എന്‍.പി പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യ ബുള്‍സ്, മോത്തിലാല്‍ ഓസ്വാള്‍ തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരം സേവനം ഓണ്‍ലൈനായും നല്‍കുന്നുണ്ട്.
ഡീമാറ്റ് അക്കൗണ്ട് വഴി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. ഒരു സ്ഥലത്തുനിന്ന് മ്യൂച്വല്‍ ഫണ്ട് വ്യപാരത്തിനു പുറമേ ഓഹരി, കമോഡിറ്റി തുടങ്ങി എല്ലാ വ്യപാരങ്ങളും നടത്താന്‍ സാധിക്കും. ഇലക്ട്രോണിക് ആയതിനാല്‍ വില്‍ക്കാനും വാങ്ങുവാനും എളുപ്പമാണ്.
3. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍
അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ വഴി നേരിട്ട് നിക്ഷേപം നടത്താം. ഓഫീസില്‍ പോയി അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കണം. തുടര്‍ന്ന് ഓണ്‍ലൈനായി നിക്ഷേപം നടത്താം. സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ വഴിയും സൗകര്യം ലഭിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പുറത്തിറക്കിയിട്ടുളള കമ്പനികളുടെയെല്ലാം ഓഫീസുകളില്‍ പോകേണ്ടതായി വരും. ഇപ്പോള്‍ മിക്ക പട്ടണങ്ങളിലും എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കും ഓഫീസുകളുണ്ട്.
4. വെബ് പോര്‍ട്ടലുകള്‍
ഇന്ന് വിവിധ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ വാങ്ങുവാനും വില്‍ക്കുവാനും സഹായിക്കുന്ന വെബ് പോര്‍ട്ടലുകള്‍ സുലഭമാണ്. ഇതിനായി അവരുടെ പക്കല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ മാത്രം മതി. ചാര്‍ജും നല്‍കേണ്ടതില്ല. അവര്‍ക്കുളള ചാര്‍ജുകള്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ആണ് നല്‍കുന്നത്. എന്നാല്‍ ഇതിനാല്‍ തന്നെ നിര്‍ദേശങ്ങളില്‍ അതിന്റെ സ്വാധീനമുണ്ടാകാന്‍ ഇടയുണ്ട്. അതിനാല്‍ ഒരു ഓഹരി ഉപദേശകനോട് ആരാഞ്ഞ് മാത്രം ഓണ്‍ലൈന്‍ ആയി നിക്ഷേപിക്കുക. അപേക്ഷാ ഫോം ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് പാന്‍കാര്‍ഡ് കോപ്പി, ചെക്ക് തുടങ്ങിയവ സഹിതം ഇത്തരം കമ്പനികളുടെ ഓഫീസുകളില്‍ നല്കിയാല് മതി.