വീണ്ടും പലിശകൂട്ടി അമേരിക്ക; സ്വര്‍ണവില പിന്നെയും മേലോട്ട്
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടിയതോടെ സ്വര്‍ണവില പിന്നെയും കുതിക്കുന്നു. ശനിയാഴ്ച ഔണ്‍സിന് 2009 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തരവില പിന്നീട് 1935 ഡോളറിലേക്ക് താഴ്ന്നിരുന്നു.
ബാങ്കിംഗ് പ്രതിസന്ധിക്കിടയിലും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധന തുടര്‍ന്നതോടെ ഇന്ന് സ്വര്‍ണവില വീണ്ടും മുന്നേറി 1977 ഡോളറിലെത്തി. കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5480 രൂപയായി. 480 രൂപ ഉയര്‍ന്ന് 43,840 രൂപയാണ് പവന്‍വില. മാര്‍ച്ച് 18ന് കുറിച്ച 44,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണവിലയുടെ എക്കാലത്തെയും ഉയരം. അന്ന് ഗ്രാം വില 5530 രൂപയായിരുന്നു.
സ്വർണത്തെ തുണച്ച് ബാങ്കിംഗ് പ്രതിസന്ധി
അമേരിക്കന്‍, സ്വിസ് ബാങ്കുകളുടെ തളര്‍ച്ച ആഗോളതലത്തില്‍ ഓഹരി, കടപ്പത്രവിപണികളെ തളര്‍ത്തിയതാണ് സ്വര്‍ണത്തിന് കഴിഞ്ഞവാരം നേട്ടമായത്. സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്.
എന്നാല്‍, പ്രതിസന്ധിയിലായ ബാങ്കുകളെ മറ്റ് വലിയ ബാങ്കുകള്‍ ഏറ്റെടുക്കുന്ന എന്ന വാര്‍ത്ത സ്വര്‍ണത്തിന് ചെറിയ തിരിച്ചടിയായി. പക്ഷേ, യു.എസ് ഫെഡ് വീണ്ടും പലിശ കൂട്ടിയതോടെ സ്വര്‍ണം തിരിച്ചുകയറി. അമേരിക്കന്‍ കോമെക്സ് എക്സ്‌ചേഞ്ചില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഏപ്രില്‍ കോണ്‍ട്രാക്ട് 1980ലേക്ക് ഉയര്‍ന്നു. ഡോളറിന്റെ മൂല്യം ഏഴ് ആഴ്ചത്തെ താഴ്ചയിലെത്തിയതും സ്വര്‍ണത്തിന് നേട്ടമായി.
സ്വര്‍ണക്കുതിപ്പ് തുടരുമോ?
മേയിലും അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കൂട്ടുമെന്ന് ഫെഡറല്‍ റിസര്‍വ് സൂചിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം പലിശനിരക്ക് വര്‍ധന താത്കാലികമായി നിറുത്തിയേക്കും. അതുവരേക്കും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നടപടികള്‍ സ്വര്‍ണത്തിന് അനുകൂലമായി കലാശിച്ചിരിക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ.് അബ്ദുല്‍ നാസര്‍ പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്വമുള്ള സാഹചര്യങ്ങളില്‍ സ്വര്‍ണം സുരക്ഷിതമായി നിക്ഷേപകര്‍ കരുതുന്നതിനാല്‍ ഫെഡറല്‍ റിസര്‍വ് നടപടികള്‍ സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അനലിസ്റ്റ് സൂഖി കൂപ്പര്‍ റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2023ലെ ഭൗമ രാഷ്ട്രീയ റിസ്‌ക് (Geo political risk), കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത്, വികസിത വിപണിയില്‍ സാമ്പത്തിക മാന്ദ്യം, ഓഹരി വിപണിയില്‍ ഇടിവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാര്‍ച്ച് ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.