Markets

ഏപ്രില്‍ മാസം ഐപിഓ ആരംഭിക്കാനൊരുങ്ങി സൊമാറ്റോ

650 മില്യണ്‍ ഡോളര്‍ ഐപിഒ ആണ് ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സോമാറ്റോ ലക്ഷ്യമിട്ടിരിക്കുന്നത്. വിവരങ്ങളറിയാം.

Dhanam News Desk

ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് സൊമാറ്റോ ഐപിഒ ഫയല്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സോമാറ്റോ, ഏപ്രില്‍ മാസത്തോടെയാകും 650 മില്യണ്‍ ഡോളര്‍ സമാഹരിക്കാവുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഓ) നടത്തുക. ഇതിനായുള്ള ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറിന് മുമ്പ് ലിസ്റ്റിംഗ് പൂര്‍ത്തിയാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം ഉപയോക്താക്കളുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പാണ് സൊമാറ്റോ.

2008 ല്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച കമ്പനിയില്‍ അയ്യായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ പറയുന്നത്. കൂടാതെ ഈ സ്റ്റാര്‍ട്ടപ്പ് 5.4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കമ്പനിയാണെന്നും ഫെബ്രുവരിയില്‍ കൈമാറിയ ഫയലിംഗ് പ്രകാരം നിലവിലുള്ള പിന്തുണക്കാരനായ ഇന്‍ഫോ എഡ്ജ് ഇന്ത്യ പറയുന്നു.

കോറ മാനേജ്മെന്റ്, ഫിഡിലിറ്റി മാനേജ്മെന്റ് & റിസര്‍ച്ച് കമ്പനി ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് സൊമാറ്റോ അടുത്തിടെ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിനു പുറമെയാണ് ലിസ്റ്റിംഗിനും ഒരുക്കങ്ങള്‍ നടത്തുന്നത്. കൊറോണ കാലം ഡിജിറ്റല്‍ ഷോപ്പിംഗിലേക്ക് ജനങ്ങള്‍ മാറിയതോടെ ഡിജിറ്റല്‍ ബിസിനസുകളും വളരാനുള്ള പുതുവഴികളും വിപുലമാക്കലും സ്ഥിരമാക്കിയിട്ടുണ്ട്.

ടിപിജി ക്യാപിറ്റല്‍ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ സ്റ്റോറായ 'നൈക്ക'(Nyka), പ്രാദേശിക വിപണിയില്‍ ലിസ്റ്റുചെയ്യാനും കുറഞ്ഞത് 3 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയം നടത്താനും പദ്ധതി ഇട്ടിരിക്കുന്നതായും ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT