ഈ കേരള കമ്പനിയുടെ ഓഹരി വില്‍ക്കുന്നു, ലക്ഷ്യം 14,000 കോടി

ബ്ലാക്ക് സ്‌റ്റോണിന്റെ കൈവശമുള്ള ഐബിഎസ് സോഫ്റ്റ് വെയറിന്റെ 40 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്

Update:2023-04-13 16:35 IST

തിരുവനന്തപുരം ആസ്ഥാനമായ സോഫ്റ്റ്വെയര്‍ കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി ബ്ലാക്ക്‌സ്റ്റോണ്‍. ഇതിനകം തന്നെ നാല് കമ്പനികള്‍ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായതായാണ റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ തോമസ് എച്ച്. ലീ പാര്‍ട്‌ണേഴ്‌സ്, സിവിസി ക്യാപിറ്റല്‍, ടെമാസെക്, അപാക്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചതായാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്ലാക്ക് സ്റ്റോണ്‍ തങ്ങളുടെ കൈവശമുള്ള ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ 40 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്നും തുടര്‍പ്രക്രിയകള്‍ക്കായി കമ്പനി ജെ.പി മോര്‍ഗനെ സമീപിച്ചതായും മിന്റ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ബില്യണ്‍ ഡോളറാണ്( 16400കോടി രൂപ ) കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. 10000 കോടി രൂപയ്ക്കും 14000 കോടി രൂപയ്ക്കുമിടയിലാണ്  തുകയാണ് ഓഹരി വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത്.


ഐ.ബി.എസ് സോഫ്റ്റ്വെയര്‍

വിമാന യാത്ര, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് എന്നിങ്ങനെയുള്ള യാത്രാ വിഭാഗങ്ങള്‍ക്കുവേണ്ട സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന കമ്പനിയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍. 2022 ല്‍ യു.എസ് വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് ഐ.ബി.എസ് ഫയല്‍ ചെയ്തിരുന്നു. 200 കോടി ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്ന വാല്വേഷന്‍. എന്നാല്‍ പ്രതീക്ഷിച്ച വാല്വേഷന്‍ ലഭിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഐബിഎസിന്റെ മൊത്ത വരുമാനം 18.4 ശതമാനം വര്‍ധിച്ച് 1,213 കോടിയിലെത്തിയിരുന്നു. സോഫ്റ്റ് വെയര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 16.4 ശതമാനം വര്‍ധിച്ച് 355.3 കോടിയായി. നികുതിക്കും ഡിവിഡന്റിനും മുമ്പുള്ള ലാഭം 32.5 ശതമാനം മെച്ചപ്പെട്ടു.

കാര്‍ഗോ സേവനങ്ങള്‍, വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട്സ് തുടങ്ങിയ സേവനങ്ങളും ഐ.ബി.എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2015 ല്‍ ജനറല്‍ അറ്റാലാന്റിക് ഉള്‍പ്പെടെയുള്ള ഓഹരിയുടമകളില്‍ നിന്നാണ് 17 കോടി ഡോളറിന് ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ ഓഹരികള്‍ ബ്ലാക്ക് സ്റ്റോണ്‍ സ്വന്തമാക്കിയത്.

Tags:    

Similar News