ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഭാരത് എഫ്‌ഐഎച്ചും, സെബിയുടെ അനുമതിയായി

2502 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്

Update: 2022-06-14 07:41 GMT

ഷവോമി, നോക്കിയ ഫോണുകളുടെ ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കളായ ഭാരത് എഫ്‌ഐഎച്ച് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അനുമതി നല്‍കി. ഐപിഒയിലൂടെ 5000 കോടി രൂപ സമാഹരിക്കാനാണ് ഭാരത് എഫ്‌ഐഎച്ച് ലക്ഷ്യമിടുന്നത്. 2502 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും പ്രൊമോട്ടര്‍ ഗ്രൂപ്പായ ഫോക്സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ വണ്ടര്‍ഫുള്‍ സ്റ്റാര്‍സിന്റെ 2502 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്.

2021 ഡിസംബറിലാണ് കമ്പനി ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തത്. 15 ശതമാനം വരുമാന വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മാണ സേവന ദാതാവാണ് ഭാരത് എഫ്‌ഐഎച്ച്. ഐപിഒയില്‍നിന്നുള്ള വരുമാനം അതിന്റെ ഓഹരി ഉടമകള്‍ക്ക് ക്യാഷ് ഡിവിഡന്റ് നല്‍കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയിലെ ബിസിനസ് വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം.
സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി മാര്‍ക്കറ്റ് ലീഡറായ ഷിവോമിയില്‍ നിന്നാണ് കരാര്‍ നിര്‍മാതാക്കളായ ഭാരത് എഫ്ഐഎച്ച് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്. ഭാരത് എഫ്‌ഐഎച്ചിന്റെ 2021 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റാദായം 1619.15 കോടി രൂപയായിരുന്നു, 2020 സാമ്പത്തിക വര്‍ഷത്തിലെ 3897.13 കോടി രൂപയേക്കാള്‍ കുറവാണിത്. 1,59,066.57 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
ഇതുകൂടാതെ, ലാവ മൊബൈല്‍സിന്റെ 1500 കോടി രൂപയുടെ ഐപിഒയ്ക്കായി സെബി വിശദീകരണം തേടിയിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡും കരാര്‍ നിര്‍മാതാവും 2021 സെപ്റ്റംബറില്‍ ഐപിഒയ്ക്കായി കരട് രേഖ ഫയല്‍ ചെയ്തിരുന്നു. 500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 43,727,603 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഈ ഐപിഒയില്‍ ഉള്‍പ്പെടുക.


Tags:    

Similar News