ആദ്യം പിന്‍വലിഞ്ഞ്, പിന്നെ തിരികെയെത്തി വിദേശ നിക്ഷേപകര്‍
2022 ന്റെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ തിരിച്ചെത്തുന്നു
ഒരേ വര്‍ഷം രണ്ടു പ്രവണതകള്‍ക്ക് സാക്ഷ്യം വഹിച്ചാണ് വിദേശ നിക്ഷേപ രംഗം 2022 നോട് വിടപറയുന്നത്. ആദ്യപകുതിയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ കൈയൊഴിയാനാണ് താല്‍പ്പര്യം കാട്ടിയതെങ്കില്‍ രണ്ടാം പകുതിയില്‍ കഥ മാറി. അവര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കൂട്ടത്തോടെ തിരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
2021 ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കലിന് തുടക്കമിട്ടിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെ അത് തുടര്‍ന്നു. 2.32 ലക്ഷം കോടി രൂപയുടെ ഓഹരികളും ബോണ്ടുകളുമാണ് അവര്‍ വിറ്റത്. ഇക്കാലയളവില്‍ നിഫ്റ്റി 50 ഉം സെന്‍സെക്‌സും 10.4-10.5 ശതമാനം ഇടിവും രേഖപ്പെടുത്തി.
ഈ വര്‍ഷം ജൂലൈയോടെ വിദേശ നിക്ഷേപകര്‍ തിരിച്ചെത്താന്‍ തുടങ്ങി. യുഎസ് ഫെഡ് നിരക്ക് വര്‍ധനയില്‍ കണ്ണുവെച്ച് നിക്ഷേപം പിന്‍വലിച്ചവര്‍ അത് ഉടനെയെങ്ങും ഉണ്ടാകില്ലെന്ന് കണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈ- നവംബര്‍ കാലയളവില്‍ ഓഹരികളിലും ബോണ്ടുകളിലുമായി 92763 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്.
യുക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് പിന്‍വാങ്ങുന്ന നിക്ഷേപകരാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപവുമായി എത്തുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നവംബര്‍ മാസത്തില്‍ ആകെ ഉണ്ടായ 36238 കോടി രൂപയുടെ ഓഹരി നിക്ഷേപത്തില്‍ 14205 കോടി രൂപയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലാണ്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി(NSDL)ന്റെ കണക്കനുസരിച്ച് 53.98 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഉള്ളത്. ഇതില്‍ 16.35 ലക്ഷം കോടി രൂപയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലാണ്.