ആറ് രൂപയില്‍നിന്ന് 558 ലേക്ക്, ഈ കമ്പനി അഞ്ച് വര്‍ഷത്തിനിടെ സമ്മാനിച്ചത് 9300 ശതമാനം നേട്ടം
ഒരു വര്‍ഷത്തിനിടെ ഈ കമ്പനിയുടെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത് 337 ശതമാനത്തിന്റെ വളര്‍ച്ചയാണ്
പെന്നിസ്റ്റോക്കുകളിലെ നിക്ഷേപം ആരും തന്നെ നിര്‍ദേശിക്കാറില്ലെങ്കിലും ചില സ്റ്റോക്കുകള്‍ അത്ഭുതകരമായ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ചിരിക്കുകയാണ് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍, ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 9300 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതായത് 6 രൂപയുണ്ടായിരുന്ന ഓഹരിവില 558 ആയി ഉയര്‍ന്നു. ഒരു നിക്ഷേപകന്‍ അഞ്ച് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും.
കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരി 166 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ചപ്പോള്‍ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത് 337 ശതമാനത്തിന്റെ വളര്‍ച്ചയാണ്. ഒരു വര്‍ഷം മുമ്പ് 127 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരിവില.
എന്നിരുന്നാലും ഇപ്പോള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലാണ് ഈ ഓഹരി. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒരുഘട്ടത്തില്‍ ജിആര്‍എം ഓവര്‍സീസിന്റെ ഓഹരി വില ഏറ്റവും ഉയര്‍ന്നനിലയായ 655 രൂപയിലെത്തിയിരുന്നു.
അരിയുടെയും നെല്ലിന്റെയും ഉല്‍പ്പാദന വാങ്ങല്‍ കയറ്റുമതിയിലും വില്‍പ്പനയിലും ഏര്‍പ്പെടുന്ന കമ്പനിയാണ് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ്. കമ്പനിയുടെ ആസ്ഥാനം ന്യൂഡല്‍ഹി ഇന്ത്യയിലാണ്. ജിആര്‍എം ഓവര്‍സീസ് ഒരു പങ്കാളിത്ത സ്ഥാപനമായി 1974ലാണ് സ്ഥാപിതമായത്. മുമ്പ് ഗാര്‍ഗ് റൈസ് & ജനറല്‍ മില്‍സ് എന്നറിയപ്പെട്ടിരുന്ന കമ്പനി 1995 ലാണ് ഇന്നത്തെ പേരില്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി പരിവര്‍ത്തനം ചെയ്തത്. ഹരിയാനയിലെ പാനിപ്പത്തില്‍ കമ്പനിയുടെ സംസ്‌കരണ യൂണിറ്റുണ്ട്. കാമധേനു, ഷെഫ് എന്നീ ബ്രാന്‍ഡ് നാമത്തിലാണ് ഇത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. സൗദി അറേബ്യ യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ബസ്മതി അരി കയറ്റുമതി ചെയ്യുന്നു.