അറിഞ്ഞോ, ഈ കമ്പനിയുടെ ഓഹരി വിഭജനം

ഓഹരികള്‍ 10 രൂപ മുഖവിലയില്‍ നിന്ന് 2 രൂപ വീതമാക്കിയാണ് വിഭജിച്ചത്

Update: 2022-04-19 11:00 GMT

വിപണിയില്‍ ഓഹരി വിഭജനവുമായി ഇന്ത്യന്‍ ഫുഡ് സര്‍വീസ് കമ്പനിയായ ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് ലിമിറ്റഡ്. ഡൊമിനോസ്, ഡങ്കിന്‍ ഡോനട്ട്സ് എന്നിവയുടെ സേവനം ലഭ്യമാക്കുന്ന ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഓഹരികള്‍ ഇന്ന് എക്‌സ്-സ്പ്ലിറ്റ് വ്യാപാരം ആരംഭിച്ചു. ഓഹരികള്‍ 10 രൂപ വീതം മുഖവിലയില്‍ നിന്ന് 2 രൂപ വീതമാക്കിയാണ് വിഭജിച്ചത്. അതായത്, കമ്പനിയുടെ ഓരോ ഷെയറിനും പകരമായി നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ അഞ്ച് വീതം ഉണ്ടായിരിക്കും. ജൂബിലന്റ് ഫുഡ്വര്‍ക്ക്‌സിന്റെ ഓഹരികള്‍ 565 രൂപ എന്ന തോതിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ജൂബിലന്റ് ഫുഡ് വര്‍ക്കിന്റെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന നിക്ഷേപകര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ബുധനാഴ്ച അധിക ഓഹരികള്‍ (സ്റ്റോക്ക് വിഭജനത്തിന് ശേഷം) ലഭ്യമാകും. ഇതിന് മുമ്പ്, 2018 ജൂണില്‍ ഈ കമ്പനി 1:1 അനുപാതത്തില്‍ ബോണസ് ഇഷ്യു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഡൊമിനോസ് പിസ്സയുടെ ഫ്രാഞ്ചൈസി കൈവശം വച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ ഫുഡ് സര്‍വീസ് കമ്പനിയാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്.
കമ്പനി നിലവില്‍ ഡൊമിനോസ് പിസ്സ, ഡങ്കിന്‍ ഡോനട്ട്സ്, ഹോങ്‌സ് കിച്ചന്‍ എന്നിവയ്ക്കായി 1,500-ലധികം ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.


Tags:    

Similar News