വിപരീത സാമ്പത്തിക ഘടകങ്ങളുടെ പിടിയില്‍ നട്ടം തിരിയുന്നതിനിടെയും ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ച് ഭാരതി എയര്‍ടെല്‍. 3 ട്രില്യണ്‍ രൂപ വിപണി മൂലധനം കൈവരിച്ച വന്‍ കമ്പനികളുടെ പട്ടികയില്‍ എയര്‍ടെല്‍ ഇന്നു സ്ഥാനം പിടിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി), ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് 3 ട്രില്യണ്‍ ക്ലബിലെ മറ്റു കമ്പനികള്‍. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ബജാജ് ഫിനാന്‍സ്, അതിവേഗം വളരുന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസി എന്നിവയേക്കാള്‍ ഭാരതി എയര്‍ടെല്‍ മുന്നിലാണ്.
ഭാരതി എയര്‍ടെല്‍ ഓഹരിവില തുടര്‍ച്ചയായ ആറാം ദിവസമാണ് മെച്ചപ്പെട്ടത്. ഇന്നത്തെ നേട്ടത്തോടെ, സ്റ്റോക്ക് മൂല്യം കഴിഞ്ഞ നാല് മാസത്തിനിടെ 62 ശതമാനം ഉയര്‍ന്നു. കണ്‍വേര്‍ട്ടിബിള്‍ ബോണ്ട്,പുതിയ ഇക്വിറ്റി, ദീര്‍ഘകാല ധനസഹായം എന്നിവയിലൂടെ ഗ്രൂപ്പിന് ലഭ്യമായ ദ്രവ്യതയുടെ പിന്‍ബലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം അകറ്റാന്‍ മാനേജ്‌മെന്റിനു കഴിഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 21,502 കോടി രൂപ വിജയകരമായി സമാഹരിച്ചു.
2019 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ ഏകീകൃത വരുമാനം 8.5 ശതമാനം വാര്‍ഷിക ഉയര്‍ച്ചയോടെ 21,947 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 20,231 കോടി രൂപയായിരുന്നു. പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവ ഒഴിവാക്കിയുള്ള ഏകീകൃത വരുമാനം 48.3 ശതമാനം ഉയര്‍ന്ന് 9,350 കോടി രൂപയായി. എജിആര്‍ (ക്രമീകരിച്ച മൊത്ത വരുമാനം) പേയ്‌മെന്റ് മൂലമാണ് അറ്റ നഷ്ടം 1,035 കോടി രൂപയായത്. താരിഫ് വര്‍ദ്ധനവിന്റെ മുഴുവന്‍ സ്വാധീനവും കമ്പനിക്കു നാലാം പാദത്തിലെ കണക്കുകളില്‍ വ്യക്തമാക്കാന്‍ കഴിയുമെന്ന് ഓഹരി വിപണി വിശ്വസിക്കുന്നു.