സ്വര്‍ണത്തിന് തിരിച്ചുകയറ്റം ഉടന്‍ ഉണ്ടാകുമോ? നിക്ഷേപകര്‍ അറിയാന്‍
അന്താരാഷ്ട്ര സ്വര്‍ണ വില 2022 ലെ ആദ്യ പാദത്തില്‍ വര്‍ധിച്ചത് 6%
റഷ്യന്‍-യുക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2060 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും നിലവില്‍ 1930 നിലയില്‍ എത്തി നില്‍ക്കുകയാണ്. കേരളത്തില്‍ പവന് മാര്‍ച്ച് രണ്ടാം വാരം പവന് 40560 രൂപ വരെ ഉയര്‍ന്നെങ്കിലും നിലവില്‍ 38000 നിലയില്‍ എത്തി നില്‍ക്കുന്നു. മാര്‍ച്ച് അവസാനിക്കുമ്പോള്‍ മൂന്നാം പാദത്തില്‍ മൊത്തം 5.65 % വില വര്‍ധിച്ച് 38120 രൂപയായി.
2021 ആദ്യ പാദം ആവസിച്ചപ്പോള്‍ സ്വര്‍ണ വില 3.7 % ഇടിയുകയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന് മികച്ച വര്‍ഷമാണ് 2022 . ഈ വര്‍ഷം അവസാനത്തോടെ ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരി അവസാന വരം റഷ്യ -യുക്രയ്ന്‍ യുദ്ധം ആരംഭിച്ചത് സ്വര്‍ണ വില കുതിച്ചുയരാനും 2000 ഡോളര്‍ അനായാസം കടക്കാനും കാരണമായി.
അതേസമയം ഓഹരി സൂചികള്‍ക്ക് കനത്ത ഇടിവുണ്ടാവുകയും ചെയ്തു. റഷ്യ സാമ്പത്തിക നില ഭദ്രമാക്കാന്‍ ഒരു ടണ്‍ സ്വര്‍ണം വിറ്റഴിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കേന്ദ്ര ബാങ്കുകള്‍ കാണുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ നിരീക്ഷണത്തില്‍ കേന്ദ്ര ബാങ്കുകളില്‍ നിന്ന് സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിക്കുന്നത് മറ്റ് വലിയ നിക്ഷേപകരെയും സ്വര്ണത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
കേന്ദ്ര ബാങ്കുകള്‍ വളരെ നാളായി കുറഞ്ഞ പലിശ നിരക്കുകള്‍ തുടരുന്നതും സ്വര്‍ണത്തിന് അനൂകലമായി ഭവിച്ചു. ഇന്ത്യ, ചൈന പോലുള്ള വിപണികളില്‍ സ്വര്‍ണാഭരണ ഡിമാന്റ് മുന്‍ മാസങ്ങളില്‍ വര്‍ധിച്ചതും സ്വര്‍ണ വിപണി ഉയരാന്‍ കാരണമായി.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ സ്വര്‍ണത്തിന്റെ ആഗോള നിക്ഷേപക ഡിമാന്റ് ശരാശരി ഓരോ വര്‍ഷവും 10 % വര്‍ധിച്ചു. ഹെഡ്ജ് ഫണ്ടുകള്‍. സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ വന്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ ബദല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് വര്‍ധിച്ചിട്ടുണ്ട് -അതില്‍ നല്ലൊരു പങ്ക് സ്വര്‍ണത്തിലേക്കും എത്തിയിട്ടുണ്ട്.
സ്വര്‍ണ വില വീണ്ടും 2000 ഡോളര്‍ കടക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകളില്‍ പ്രവചിക്കുന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്ധിപ്പിച്ചാലും ഉല്‍പന്ന വിലകള്‍ വര്‍ധിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തടസമാകും. സ്വര്‍ണത്തിന് ഈ സാഹചര്യം അനൂകൂലമാകും. നിലവില്‍ അന്താരാഷ്ട്ര വില ഔണ്‍സിന് 1970 ഡോളര്‍ കടക്കാന്‍ കടുത്ത പ്രതിരോധം (resistance) നേരിടുന്നുണ്ട്. എംസിഎക്‌സ് അവധി വ്യാപാരത്തില്‍ 10 ഗ്രാമിന് 51490 നിരക്കിലാണ് വിപണനം നടക്കുന്നത്, 52000 കടന്നാല്‍ മാത്രമേ റാലിക്ക് സാധ്യത ഉള്ളു വെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിലയിരുത്തുന്നു.