സ്വര്‍ണവില റെക്കോഡിട്ടു; 43,000 രൂപ കടന്ന് പവന്‍

കഴിഞ്ഞ 9 ദിവസത്തിനിടെ പവന് കൂടിയത് 2320 രൂപ

Update: 2023-03-17 06:29 GMT

Image : Canva

സ്വര്‍ണാഭരണ പ്രേമികളെയും വിതരണക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് എക്കാലത്തെയും ഉയരത്തിലെത്തി. പവന് 200 രൂപ വര്‍ദ്ധിച്ച് പവന്‍വില 43,040 രൂപയായി. 25 രൂപ ഉയര്‍ന്ന് 5,380 രൂപയാണ് ഗ്രാംവില. പവന്‍വില 43,000 രൂപയെന്ന നാഴികക്കല്ല് കടന്നതും ചരിത്രത്തില്‍ ആദ്യം. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പവന്‍ കുറിച്ച 42,880 രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. അന്ന് ഗ്രാംവില 5360 രൂപയായിരുന്നു.

9 ദിവസം, സ്വര്‍ണക്കുതിപ്പ് 2320 രൂപ
ഈമാസം 9ന് പവന് വില 40,720 രൂപയായിരുന്നു. ഗ്രാമിന് 5090 രൂപയും. തുടര്‍ന്ന് ഇതുവരെ പവന് കൂടിയത് 2320 രൂപയാണ്. ഗ്രാമിന് 290 രൂപയും ഉയര്‍ന്നു.
വിലക്കുതിപ്പിന് പിന്നിൽ 
അമേരിക്കയിലെ ബാങ്കിംഗ് തകര്‍ച്ചകളും പ്രമുഖ സ്വിസ് ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വിസ് നേരിടുന്ന സമ്പദ്പ്രതിസന്ധിയുമെല്ലാം ആഗോളതലത്തില്‍ ഓഹരിവിപണികളെ തളര്‍ത്തിയിട്ടുണ്ട്. ഓഹരിയില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ച് നിക്ഷേപകര്‍, സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് (പ്രധാനമായും സ്വര്‍ണ ഇ.ടി.എഫുകളിലേക്ക്) ഒഴുക്കുകയാണ്.
ഇതുമൂലം സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുകയും വില കുതിക്കുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ചയും രാജ്യത്ത് സ്വര്‍ണവില കുതിക്കാന്‍ വഴിയൊരുക്കുകയാണ്.
പൊന്നിന് എന്ത് നല്‍കണം?
43,040 രൂപയാണ് പവന്‍വില. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. അതായത് 46,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കൂ.
വിപണിയില്‍ പ്രതിസന്ധി
വില കുതിച്ചുയരുന്നതിനാല്‍ സ്വര്‍ണാഭരണം വാങ്ങാനെത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞുവെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ പാര്‍ട്ടികളും വാങ്ങുന്ന അളവ് കുറച്ചത് വിതരണക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സ്വര്‍ണവില ഇനിയും കൂടിയേക്കുമെന്ന വിലയിരുത്തലുള്ളതിനാല്‍ കൈവശമുള്ള സ്വര്‍ണം വിറ്റ് വലിയ നേട്ടം നേടാന്‍ ആഗ്രഹിക്കുന്നവരും കാത്തിരിക്കുകയാണ്.
വില എങ്ങോട്ട്?
ഒരാഴ്ച മുമ്പ് ഔണ്‍സിന് 1831 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 1929 ഡോളറിലാണ്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യം നീണ്ടാല്‍ രാജ്യാന്തരവില വൈകാതെ കൂടുമെന്നും ഇതിനൊപ്പം രൂപയുടെ മൂല്യവും കുറഞ്ഞാല്‍ കേരളത്തില്‍ സ്വര്‍ണവില കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Tags:    

Similar News