സ്വർണ ഖനനം ലാഭകരം, സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കുന്നില്ല
സ്വർണ ഖനികളിൽ നിന്നുള്ള ഉൽപ്പാദനം 2016-21 ൽ 7 ശതമാനം ഇടിഞ്ഞു, ഉൽപ്പാദകർക്ക് ലാഭം 60 ശതമാനത്തിൽ അധികം
അന്താരാഷ്ര ട്ര സ്വർണ വില ഔൺസിന് 1900 ഡോളറായാലും, 1700 ഡോളറായാലും അതിൽ കുറഞ്ഞ് 1600-ായാലും സ്വർണ ഖനനം ലാഭകരം തന്നെ. എങ്കിലും കഴിഞ്ഞ ആറു വർഷങ്ങളിൽ ഖനികളിൽ നിന്നുള്ള ഉൽപ്പാദനം 7 ശതമാനം കുറഞ്ഞ് 94.4 ദശലക്ഷം ഔൺസായി . സ്വർണ വില ഉയർത്തി നിറുത്താൻ ഒരു കാരണം ഉൽപ്പാദനം കുറയുന്നതാകാമെന്ന് സി എം ഇ ഗ്രൂപ്പിൻറ്റെ സീനിയർ ധനശാസ്ത്രജ്ഞൻ എറിക് നോർലാൻഡ് അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദന കമ്പനിയായ ന്യൂമോൺട്ട് മൈനിംഗ് 2022-ൽ ആദ്യ പാദത്തിൽ സ്വർണം വിറ്റപ്പോൾ ലഭിച്ചത് ശരാശരി ഔൺസിന് 1892 ഡോളറായിരുന്നു. എന്നാൽ അവരുടെ ഉൽപ്പാദന ചെലവ് ഔൺസിന് 1156 ഡോളറായിരുന്നു. ആദ്യ പാദം അവസാനിച്ചപ്പോൾ എല്ലാ ഖനികളിൽ നിന്നും മൊത്തം 4.3 ശതകോടി ഡോളർ ക്യാഷായി കമ്പനിക്ക് ലഭിച്ചു.
കഴിഞ്ഞ അര നൂറ്റാണ്ടിൽ ഖനികളിൽ നിന്നുള്ള ലഭ്യത കുറഞ്ഞ വേളകളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിച്ചതായി എറിക് നോർലാൻഡ് കണ്ടെത്തി. വെള്ളിയുടെ ഉൽപ്പാദനം കഴിഞ്ഞ 5 വർഷത്തിൽ 8.5 % കുറഞ്ഞ് 756.4 ദശലക്ഷം ഔൺസായി.
1965-80 കാലയളവിൽ സ്വർണ ഉൽപ്പാദന വളർച്ച നിരക്ക് 2.4 % നിന്ന് 1.1 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവിൽ സ്വർണത്തിന് വില ഔൺസിന് 35 ഡോളറിൽ നിന്ന് 800 ഡോളറായി ഉയർന്നു. 1981 - 98 കാലയളവിൽ ഉൽപ്പാദന വളർച്ച2 ശതമാനമായി ഉയർന്നു. തുടർന്ന് സ്വർണ വില ഔൺസിന് 800 ഡോളറിൽ നിന്ന് 280 ഡോളറിലേക്ക് താഴ്ന്നു.
2009-16 കാലയളവിൽ ഉൽപ്പാദന വളർച്ച 1.8 ശതമാനമായി ഉയർന്നപ്പോൾ 2000 ഡോളറിൽ നിന്ന് സ്വർണ വില ഔൺസിന് 1300 ഡോളറിലേക്ക് ഇടിഞ്ഞു.
സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ഡിമാൻറ്റിലെ വ്യതിയാനങ്ങൾ കൊണ്ടാണെന്ന് പൊതുവെ കരുതുന്നത്. എന്നാൽ ഖനികളിലെ ഉൽപ്പാദനവും സ്വർണ വിലയെ സ്വാധീനിക്കുന്നു എന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
നിലവിൽ ഒരു ഔൺസ് (28.34 ഗ്രാം) സ്വർണം ഉൽപ്പാദിപ്പിക്കാനുള്ള ക്യാഷ് ചെലവ് (cash cost) 768 ഡോളർ. എല്ലാ ചെലവുകളും കൂട്ടിയാൽ 1068 ഡോളർ. സ്വർണത്തിന് വിപണിയിൽ വില 1778 ഡോളർ. അതായത് സ്വർണ ഖനികൾക്ക് ലഭിക്കുന്ന ലാഭ വിഹിതം 60 ശതമാനത്തിൽ അധികം, പ്രവർത്തന മാർജിൻ 125 %!