സ്വര്‍ണത്തിന് വീണ്ടും ചാഞ്ചാട്ടം; ഇന്ന് വില കുറഞ്ഞു
കഴിഞ്ഞ ദിവസങ്ങളില്‍ 2,000 ഡോളറിലേക്ക് കുതിച്ച രാജ്യാന്തര വില ഇപ്പോള്‍ 1,970 ഡോളറില്‍
ആഭരണ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില വീണ്ടും താഴേക്ക്. കേരളത്തില്‍ പവന്‍ വില ഇന്ന് 240 രൂപ താഴ്ന്ന് 44,320 രൂപയായി. 30 രൂപ കുറഞ്ഞ് 5,540 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,578 രൂപയുമായിട്ടുണ്ട്.
ചാഞ്ചാട്ടം, വീഴ്ച
ഈമാസത്തിന്റെ തുടക്കത്തില്‍ 43,240 രൂപയായിരുന്ന പവന്‍ വില, കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തി 44,560 രൂപവരെ എത്തിയിരുന്നു. 5,405 രൂപയായിരുന്ന ഗ്രാം വില 5,570 രൂപയായും ഉയര്‍ന്നിരുന്നു.
ആഗോള തലത്തില്‍ ഓഹരി, കടപ്പത്ര വിപണികള്‍ നേരിട്ട തളര്‍ച്ചയെ തുടര്‍ന്ന്, നിക്ഷേപകര്‍ അവയില്‍ നിന്ന് പണം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് ഒഴുക്കിയതാണ് വില വര്‍ദ്ധനയ്ക്ക് വഴിവച്ചത്.
ഇതോടെ, കഴിഞ്ഞയാഴ്ച ഔണ്‍സിന് 1,950 നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില 1990 ഡോളറിലേക്ക് എത്തിയതാണ് കേരളത്തിലും വിലക്കുതിപ്പുണ്ടാക്കിയത്. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ കടപ്പത്രങ്ങളുടെ യീല്‍ഡും (ആദായം) ഡോളറും നേട്ടത്തിലേറിയതോടെ സ്വര്‍ണ വില 1,970 ഡോളറിലേക്ക് താഴ്ന്നു. ഇതോടെയാണ് ഇന്ന് കേരളത്തിലും വില കുറഞ്ഞത്.
വെള്ളി വില കുറഞ്ഞു
സാധാരണ വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞ് 81 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.