സ്വര്‍ണവില ഇന്നും ഉയര്‍ന്നു, കേരളത്തിലെ സ്വര്‍ണവിപണിക്ക് ക്ഷീണമില്ല

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുതിക്കുന്നത്

Update:2022-06-09 11:49 IST

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില മോലോട്ടു തന്നെ. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Gold price today) 38,360 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെയും ഇന്നുമായി കൂടുകയായിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4795 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 20 രൂപയോളം ഉയര്‍ന്നു.
ഇന്നലെ 10 രൂപ കൂടിയിരുന്നു. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയ്ക്ക് തുടരുമ്പോഴും റീറ്റെയ്ല്‍ വിപണിയില്‍ നിന്ന് മികച്ച വില്‍പ്പന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
എറണാകുളം എംജി റോഡുള്ള പ്രമുഖ ജൂവല്‍റി ഷോറൂമിലെ സെയ്ല്‍സ് വിഭാഗം പറയുന്നത് സ്വര്‍ണം വാങ്ങു്‌നനവരുടെ എണ്ണത്തില്‍ 30 ശതമാനത്തിലേറെ വര്‍ധനവ് കാണാനുണ്ടെന്നാണ്. വൈറ്റിലയിലും ഇടപ്പള്ളിയിലും ഷോറൂമുകളുള്ള പ്രമുഖ ജൂവല്‍റി ബ്രാന്‍ഡില്‍ സ്വര്‍ണവില്‍പ്പന ഇരട്ടിയായതായും ഷോറൂം മാനേജര്‍മാര്‍ പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷോറൂമുകളുള്ള ജൂവല്‍റിയുടെ തിരുവനന്തപുരം ഷോറൂം മാത്രമാണ് സ്വര്‍ണവില്‍പ്പന ഒരേ നിലയില്‍ തുടരുന്നതായി അറിയിച്ചത്. എറണാകുളത്ത് ആണ് കേരളത്തില്‍ നിലവില്‍ ഏറ്റവുമധികം സ്വര്‍ണവില്‍പ്പന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കേരള ഗോള്‍ഡ് മെര്‍ച്ചന്റ് അസോസിയേഷനും പറയുന്നു. ജൂവല്‍റികളുടെ വൈവിധ്യവും ബ്രാന്‍ഡുമാണ് ജനങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് ഇവര്‍ പറയു്‌നനത്.
രാജ്യാന്തര തലത്തില്‍ സ്വര്‍ണം 1850 ഡോളറിന്റെ പരിസരത്ത് കയറിയിറങ്ങുന്നു. ഡോളര്‍ കരുത്തോടെ നില്‍ക്കുന്നതാണു കയറ്റത്തിനു തടസം. ഇന്നലെ 1844-1860 മേഖലയില്‍ ചാഞ്ചാടിയ സ്വര്‍ണം ഇന്നു രാവിലെ 1853-1854 ഡോളറിലാണ്.
വ്യവസായിക ലോഹങ്ങള്‍ ഇന്നലെ കയറി. ഒന്നു മുതല്‍ മൂന്നു വരെ ശതമാനം കയറ്റമാണ് മിക്ക ഇനങ്ങള്‍ക്കും ഉണ്ടായത്. വരും ദിവസങ്ങളിലെ ഗതി യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെയും യുഎസ് ഫെഡിന്റെയും തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡോളര്‍ സൂചിക 102.55 ലേക്കു കയറിയതോടെ ഡോളറിന്റെ നിരക്ക് 77.73 രൂപയായി.


Tags:    

Similar News