ജനുവരി ആദ്യവാരം തന്നെ സ്വര്‍ണവിലയില്‍ വര്‍ധനവ്

37840 രൂപയ്ക്കാണ് ജനുവരി നാലിന് വ്യാപാരം നടന്നത്.

Update:2021-01-04 19:20 IST

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് മാത്രം പവന് 320 രൂപ വര്‍ധിച്ചു. 37840 രൂപയ്ക്കാണ് ജനുവരി നാലിന് വ്യാപാരം നടന്നത്. ഒരു ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. 2021 ലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്നിന് 37,440 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. ഒരു ശതമാനമാണ് ഇന്നത്തെ വര്‍ധനവ്.

അന്താരാഷ്ട്ര സ്‌പോട്ട് വിലയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുകയും രാജ്യങ്ങള്‍ കൂടുതല്‍ ലോക്ഡൗണുകളിലേക്ക് നീങ്ങുകയും ചെയ്തത് വില വര്‍ധനവിന് കാരണമായി നിരീക്ഷകര്‍ പറയുന്നു. എംസിഎക്‌സില്‍ ഫെബ്രുവരി സ്വര്‍ണ ഫ്യൂച്ചറുകള്‍ 1.05 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 50,771 രൂപയായി. വെള്ളി വില 2.2 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 69650 രൂപയായി.
തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്ഥിരതയാര്‍ന്ന നിലയാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡോളര്‍ സൂചികയിലെ ബലഹീനതയ്ക്കും അമേരിക്കയിലെ ഉത്തേജക ബില്‍ പാസാക്കുന്നതിനിടയിലും സ്വര്‍ണം, വെള്ളി വിലകള്‍ ഉയര്‍ന്നു. കഴിഞ്ഞ സെഷനില്‍ 0.1 ശതമാനം നേട്ടമുണ്ടാക്കിയ കോമെക്‌സ് സ്വര്‍ണം ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 1,920 ഡോളറിനടുത്ത് വ്യാപാരം നടത്തി.



Tags:    

Similar News