എല്‍ഐസി ഐപിഒ മെയ് മാസത്തിലോ?

മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ അനുമതി തേടി വീണ്ടും സെബിയെ സമീപിക്കേണ്ടിവരും

Update: 2022-03-14 05:30 GMT

പൊതുമേഖലാ സ്ഥാപനം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) പ്രാരംഭ ഓഹരി വില്‍പ്പന (IPO) മെയ് മാസം വരെ നീണ്ടേക്കാം. മാര്‍ച്ച് 31ന് ഉള്ളിൽ എല്‍ഐസി ലിസ്റ്റ് ചെയ്യും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവില്‍ സെബിയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം മെയ് 12 വരെ ഐപിഒ നടത്താന്‍ എല്‍ഐസിക്ക് സമയം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം ഈ മാസം അവസാനിക്കാനിരിക്കെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 78000 കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രത്തിന്റെ ലക്ഷ്യം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

മാര്‍ച്ച് ഒമ്പതിനാണ് എല്‍ഐസി ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 13ന് ആണ് എല്‍ഐസി, draft red hirring prospectus സമര്‍പ്പിച്ചത്. ഐപിഒയ്ക്ക് അനുമതി ലഭിച്ചിട്ടും പൂര്‍ണമായ കണക്കുകള്‍ വിശദീകരിക്കുന്ന red hirring prospectus എല്‍ഐസി സമര്‍പ്പിക്കാന്‍ വൈകുകയാണ്. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടമാണ് ഐപിഒ തിയതി പ്രഖ്യാപിക്കുന്നതില്‍ നിന്ന് എല്‍ഐസിയെ പിന്തിരിപ്പിക്കുന്ന ഘടകം.
വിപണി സാഹചര്യങ്ങള്‍ നോക്കി പുതിയ തീയതികള്‍ പരിഗണിക്കാന്‍ സാധ്യതയുള്ളതായി എല്‍ഐസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അധികരിച്ച് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന തുക ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അധികൃതര്‍ ഇന്ത്യയുടെ വോളറ്റൈല്‍ ഇന്‍ഡക്‌സ് ( Nifty VIX) നിരീക്ഷിച്ചു വരുകയാണ്. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് വിഐഎക്‌സ് കുത്തനെ ഉയര്‍ന്ന് 25 മുകളില്‍ എത്തിയിരുന്നു. വിഐഎക്‌സ് 15 വരെ ഇടിഞ്ഞതിന് ശേഷമായിരിക്കും  എല്‍ഐസി ഐപിഒ തിയതി പ്രഖ്യാപിക്കുക.
മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ എല്‍ഐസിയുടെ മൂല്യം അടക്കമുള്ള കാര്യങ്ങള്‍ പുനര്‍ നിര്‍ണയിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 5.4 ട്രില്യണ്‍ രൂപയായി ആണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. കൂടാതെ ഐപിഒയ്ക്ക് അനുമതി തേടി വീണ്ടും സെബിയെ സമീപിക്കേണ്ടിവരും. എല്‍ഐസി ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പര്‍ അനുസരിച്ച് 31 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ആണ് എല്‍ഐസി ഒരുങ്ങുന്നത്.


Tags:    

Similar News