'തട്ടിപ്പിനെ ദേശീയതകൊണ്ട് മറയ്ക്കാനാവില്ല', അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി

413 പേജുള്ള മറുപടിയില്‍ ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ 30 പേജുകളില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ഗൗതം അദാനിയുടെയും വളര്‍ച്ച ഇന്ത്യയുടെ വിജയമായി കാണിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ്. അതേ സമയം അദാനി എന്റര്‍പ്രൈസസ് അടക്കം നാല് അദാനി കമ്പനികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം

Update:2023-01-30 10:34 IST

Image : Gautam Adani (Dhanam File)

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ (Hindenburg Research) ആരോപണങ്ങള്‍ക്ക് 413 പേജുകളിലാണ് കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് (Adani Group) മറുപടി നല്‍കിയത്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനുമെതിരെയുള്ള ആസൂത്രിത ആക്രണമെന്നാണ് റിപ്പോര്‍ട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ ലാഭമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിച്ചതെന്നും അദാനി ആരോപിച്ചിരുന്നു. ഇപ്പോള്‍  മറുപടിയിന്മേല്‍ പ്രതികരണവുമായി എത്തിയിരിക്കുയാണ് ഹിന്‍ഡന്‍ബര്‍ഗ്.

തട്ടിപ്പിനെ ദേശീയതകൊണ്ട് മറയ്ക്കാനാവില്ലെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി. അദാനി ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ഗൗതം അദാനിയുടെയും വളര്‍ച്ച ഇന്ത്യയുടെ വിജയമായി കാണിക്കാനാണ് ശ്രമിക്കുന്നത്. 413 പേജുള്ള മറുപടിയില്‍ ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ 30 പേജുകളില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ബാക്കിയുള്ള 330 പേജുകളില്‍ കോടതി രേഖകളും 53 പേജുകളില്‍ സാമ്പത്തിക രേഖകളും പൊതുവിവരങ്ങളും ആണുള്ളത്. സ്ത്രീ സംരംഭകരെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള അപ്രസക്തമായ കോര്‍പ്പറേറ്റ് വിശദാംശങ്ങളും മറുപടിയിലുണ്ടെന്ന് ഹിന്‍ഡെന്‍ബര്‍ഗ് അറിയിച്ചു.

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്നാണ് മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. ഉന്നയിച്ച 88 ചോദ്യങ്ങളില്‍ 62 എണ്ണത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിന് സാധിച്ചില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.



അതേ സമയം ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ നടക്കുന്ന അദാനി എന്റര്‍പ്രൈസസ് അടക്കം ഓഹരി വിപണിയില്‍ നാല് അദാനി കമ്പനികളുടെ വ്യാപാരം ഇന്ന് നേട്ടത്തിലാണ്. എസിസി, അംബുജ സിമന്റ്, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നേട്ടത്തിലുള്ള മറ്റ് കമ്പനികള്‍.


Tags:    

Similar News