ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട് ഓഹരി വിപണിയിലേക്ക്, സെബിയുടെ അനുമതിയായി

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി 75 കോടി രൂപ വരെയുള്ള സ്വകാര്യ പ്ലെയ്സ്മെന്റ് കമ്പനി പരിഗണിച്ചേക്കും

Update: 2022-06-23 05:50 GMT

ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ (SEBI) അനുമതി നേടി ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട് (India Exposition Mart). നോയ്ഡ ആസ്ഥാനമായുള്ള കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 450 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും 11,210,659 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ലക്ഷ്യമിടുന്നത്. അഞ്ച് രൂപ മുഖവിലയിലായിരിക്കും ഓഹരികള്‍ കൈമാറുക.

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി 75 കോടി രൂപ വരെയുള്ള സ്വകാര്യ പ്ലെയ്സ്മെന്റ് കമ്പനി പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇങ്ങനെ പ്രീ-ഐപിഒ പ്ലേസ്മെന്റ് വഴി തുക സമാഹരിക്കുകയാണെങ്കില്‍ പുതിയ ഇഷ്യുവിന്റെ വലുപ്പം കുറയും. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മൂലധന ചെലവ് ആവശ്യകതകള്‍, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, തിരിച്ചടവ് / വായ്പകളുടെ മുന്‍കൂര്‍ പേയ്‌മെന്റ്, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് ഉപയോഗിക്കുക.
ലോകമെമ്പാടുമുള്ള ബിസിനസ്-ടു-ബിസിനസ് എക്സിബിറ്റുകള്‍, കോണ്‍ഫറന്‍സുകള്‍, കോണ്‍ഗ്രസുകള്‍, ഉല്‍പ്പന്ന ലോഞ്ചുകള്‍, പ്രൊമോഷണല്‍ ഇവന്റുകള്‍ എന്നിവയ്ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ട് നല്‍കുന്നത്. ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ഥിതി ചെയ്യുന്ന എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ വേദി 58 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇവിടെ 2,34,453 ചതുരശ്ര മീറ്റര്‍ കെട്ടിട സമുച്ചയവുമുണ്ട്. എക്‌സിബിഷനുകളും ട്രേഡ് ഫെയറുകളും കൈകാര്യം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും കമ്പനിക്ക് ഏകദേശം 15 വര്‍ഷത്തെ പരിചയമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എക്സ്പോസിഷന്‍ മാര്‍ട്ടിന്റെ വരുമാനം 13.30 കോടി രൂപയും 2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറ് മാസം വരെയുള്ള വരുമാനം 10.66 കോടി രൂപയുമാണ്.
പ്രാഥമിക ഓഹരി വില്‍പ്പനയിലെ ഓഹരികളില്‍ 75 ശതമാനവും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 15 നോണ്‍ ക്വാളിഫൈഡ് നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.


Tags:    

Similar News