ഓഹരിയും സ്വര്‍ണവും: നിക്ഷേപത്തിന് ഇത് നല്ല സമയമോ?
ദീര്‍ഘകാല നേട്ടമാണ് ലക്ഷ്യമെങ്കില്‍ അനുയോജ്യം സ്വര്‍ണ ഇ.ടി.എഫുകള്‍
എസ്.വി.ബി., ക്രെഡിറ്റ് സ്വീസ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഓഹരിവിപണി കനത്ത ചാഞ്ചാട്ടം നേരിടുകയാണല്ലോ. നിരവധി മുന്‍നിര ഓഹരികളുടെ വില കുറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യുമോ?
വലിയൊരു തിരുത്തലാണ് നിഫ്റ്റി സൂചികയില്‍ അടുത്തിടെയുണ്ടായത്. 18,887ല്‍ നിന്ന് 16,850 പോയിന്റിലേക്ക് ഇടിഞ്ഞു. 10 ശതമാനത്തിലധികമാണ് വീഴ്ച. ഉയര്‍ന്ന പണപ്പെരുപ്പം, പലിശനിരക്ക് വര്‍ദ്ധന, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) തിരിച്ചുപോക്ക് എന്നിവയാണ് മുഖ്യകാരണങ്ങള്‍.
എസ്.വി.ബി., ക്രെഡിറ്റ് സ്വീസ് പ്രതിസന്ധികളും വലച്ചു. നിലവില്‍ നിഫ്റ്റിയുടെ പിന്തുണതലം (സപ്പോര്‍ട്ടിംഗ് ലെവല്‍) 16,750-16,900 പോയിന്റാണ്. ഈ ലെവലിലേക്ക് എത്താനായാല്‍ നിഫ്റ്റിയില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കാം. എന്നാല്‍ 16,750ന് താഴേക്കാണ് പോകുന്നതെങ്കില്‍ ഇടിവിന്റെ ആഘാതവും കൂടും.
വിപണിയിലെ ഈ തിരുത്തല്‍ മാറ്റിവച്ചാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോകത്തെ മറ്റേത് രാജ്യത്തേക്കാളും മികച്ച പ്രകടനം നടത്തുന്നതായി കാണാം. വിപണിയിലെ തിരുത്തല്‍, പ്രത്യേകിച്ച് 10 ശതമാനം വരെയുള്ള ഈ വീഴ്ച, ദീര്‍ഘകാല നിക്ഷേപം തുടങ്ങാന്‍ അനുയോജ്യമാണ്.
ഉന്നത നിലവാരമുള്ള ഓഹരികളുടെ വില ഇപ്പോള്‍ വാങ്ങാനാകുംവിധം കുറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി
മികച്ച പ്രകടനം നടത്തുന്നതും ശക്തവുമായ ഓഹരികളില്‍ നിക്ഷേപിക്കാനും നിക്ഷേപം ഉയര്‍ത്താനുമുള്ള അവസരവുമാണിത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരികള്‍ ഇപ്പോള്‍ വാങ്ങുന്നത് പരിഗണിക്കാം. എസ്.ഐ.പി നിക്ഷേപങ്ങള്‍ക്കും ഇത് അനുയോജ്യമായ സമയമാണ്. ലാര്‍ജ്-ക്യാപ്പ് (large - cap) ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം.
മികച്ച പ്രകടനം നടത്തുന്നതും ശക്തവുമായ ഓഹരികളില്‍ നിക്ഷേപിക്കാനും നിക്ഷേപം ഉയര്‍ത്താനുമുള്ള അവസരവുമാണിത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരികള്‍ ഇപ്പോള്‍ വാങ്ങുന്നത് പരിഗണിക്കാം. എസ്.ഐ.പി നിക്ഷേപങ്ങള്‍ക്കും ഇത് അനുയോജ്യമായ സമയമാണ്. ലാര്‍ജ്-ക്യാപ്പ് (large - cap) ഫണ്ടുകളും നിക്ഷേപത്തിന് പരിഗണിക്കാം.
സ്വര്‍ണവില കൂടുകയാണല്ലോ. ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യുമോ?
പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യ ഭീതിയും ഭൗമരാഷ്ട്രീയ (ജിയോപൊളിറ്റിക്കല്‍) പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ സ്വര്‍ണ വിലക്കുതിപ്പിന് വളമാകുന്നത്. സാമ്പത്തിക അസ്ഥിരതയുണ്ടാകുമ്പോള്‍, സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റാറുണ്ട്. ഇതാണ് സ്വര്‍ണവിലയ്ക്ക് തിളക്കമേകുന്നത്.
അമേരിക്കയിലെ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നടപടികളും സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പിന് ആക്കംകൂട്ടുന്നു. സാങ്കേതികമായി പറഞ്ഞാല്‍, സ്വര്‍ണം ഈ ട്രെന്‍ഡ് അല്പകാലം കൂടി തുടര്‍ന്നേക്കാം. ഹ്രസ്വകാലത്തില്‍ നിക്ഷേപം നടത്തി നേട്ടമെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് അനുകൂലമാണ്.
പക്ഷേ, ഒന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. സ്വര്‍ണത്തിന്റെ ഈ മുന്നേറ്റം 2008ലെ മാന്ദ്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് മാന്ദ്യത്തിന്റെ ചുവടുപിടിച്ച് മുന്നേറിയ സ്വര്‍ണവില 2011ല്‍ എക്കാലത്തെയും ഉയരത്തിലെത്തി. പക്ഷേ, 2016ല്‍ വലിയ തിരുത്തലുണ്ടായി, വിലയിടിഞ്ഞു. നിലവിലെ ഈ വിലക്കുതിപ്പിന്റെ തുടക്കം 2019ലാണ്. ഇപ്പോള്‍ വില എക്കാലത്തെയും ഉയരത്തിലും എത്തിയിരിക്കുന്നു.
കഴിഞ്ഞ 20 വര്‍ഷമെടുത്താല്‍ ശരാശരി 9.39 ശതമാനം സംയോജിത വളര്‍ച്ച (സി.എ.ജി.ആര്‍) സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വില സര്‍വകാല റെക്കോഡ് ഉയരത്തിലാണ്. അതായത്, ദീര്‍ഘകാല നേട്ടം ഉന്നമിട്ട് വാങ്ങാന്‍ ഇത് അനുകൂല സമയമല്ല. വിലയില്‍ ഒരു തിരുത്തലിനായി കാത്തിരിക്കുന്നതാണ് നന്ന്. എന്നാല്‍, എസ്.ഐ.പി (systematic investment plan) പ്രയോജനപ്പെടുത്തി സ്വര്‍ണ ഇ.ടി.എഫില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്നതാണ്.
ഓഹരിവിപണി നഷ്ടത്തിലാണെങ്കിലും ചില 'പെന്നി' ഓഹരികള്‍ നേട്ടമുണ്ടാക്കിയെന്ന് കേട്ടു. ഇത്തരം ഓഹരികളെ കുറിച്ച് വിശദമാക്കാമോ?
പത്തുരൂപയ്ക്ക് താഴെ മാത്രം വിലയില്‍ വ്യാപാരം ചെയ്യപ്പെടുന്ന, ചെറുകമ്പനികളുടെ ഓഹരികളെയാണ് 'പെന്നി' ഓഹരികള്‍ എന്ന് വിളിക്കുന്നത്. വില കുറവാണെന്നേയുള്ളൂ, അതീവ റിസ്‌കുള്ളവയാണിവ. ചാഞ്ചാട്ടത്തിനും വിലയിലെ തിരിമറികള്‍ക്കും സാദ്ധ്യതയേറെ.
മികച്ച ലാഭം നല്‍കുമെന്നത് പോലെ കനത്ത നഷ്ടത്തിനും സാദ്ധ്യതയുള്ളവയാണ് പെന്നി ഓഹരികള്‍. അതുകൊണ്ട്, ഇവയില്‍ നിക്ഷേപിക്കും മുമ്പ് സമഗ്രമായ പഠനം/നിരീക്ഷണം അനിവാര്യമാണ്. കമ്പനിയുടെ സാമ്പത്തികസ്ഥിതി, മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം, വിപണിയിലെ ചലനങ്ങള്‍ എന്നിവ പരിശോധിക്കണം.
നിക്ഷേപകന്‍ ഓഹരിയിലെ മൊത്തം നിക്ഷേപത്തിന്റെ പരമാവധി 5 ശതമാനം മാത്രം പെന്നി ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. മികച്ച പരിചയ സമ്പത്തുള്ള നിക്ഷേപകര്‍ക്കും റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ പെന്നി ഓഹരികളിലെ നിക്ഷേപം പരിഗണിക്കാവുന്നതാണ്.
പൊതുവായി പറഞ്ഞാല്‍ നിക്ഷേപകര്‍ വിപണിയില്‍ മികച്ച പ്രവര്‍ത്തന സമ്പത്തുള്ളതും സ്ഥിരതയുള്ളതുമായ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. അതേസമയം നിക്ഷേപത്തിന് മുമ്പ് നിക്ഷേപം കൊണ്ടുള്ള ലക്ഷ്യം, റിസ്‌ക്, സാമ്പത്തികസ്ഥിതി എന്നിവ വിലയിരുത്തണം. ധനകാര്യ വിദഗ്ദ്ധരുടെ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍) സേവനം തേടിയാല്‍ മികച്ച നിക്ഷേപരീതികളും മനസിലാക്കാനും കഴിയും.
Equity investing is subject to market risk. Always do your own research before investing