അമേരിക്കന്‍ തെരഞ്ഞെടുപ്പ് വരെ വിപണിയില്‍ വലിയൊരു അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. നവംബര്‍ നാലിനാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. ഇതുവരെ എല്ലാ അസറ്റ് ക്ലാസുകളിലും ഒരു ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏറ്റവും പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. അമേരിക്കന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ആഗോളതലത്തില്‍ എല്ലാ മേഖലകളെയും സ്വാധിനിക്കാം. പ്രത്യേകിച്ച് സ്വര്‍ണ്ണവിലയില്‍ അത് പ്രതിഫലിക്കും.
തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിലെ പുതിയ സര്‍ക്കാര്‍ പലിശനിരക്ക് കൂട്ടുന്ന നയമാണ് സ്വീകരിക്കുന്നതെങ്കില്‍ സ്വര്‍ണ്ണവില ഇടിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ക്കൂടി പിന്നീട് സ്വര്‍ണ്ണവില ഉയരും.
നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിവെച്ചിരിക്കുന്നവര്‍ വിലകൂടി നില്‍ക്കുന്നതുകൊണ്ട് അത് വില്‍ക്കുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 1800 ഡോളര്‍ വരെ സ്വര്‍ണ്ണവില താഴേക്ക് പോകാം. ഇപ്പോള്‍ 1860 ഡോളറിലാണ് സ്വര്‍ണ്ണവില നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഒരു 4-5 ശതമാനം ഇടിവ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. ഇത് വിപണിയില്‍ കാണുന്ന ഒരു സ്വാഭാവികമായ ചലനം മാത്രമായാണ് ഞാന്‍ കാണുന്നത്. ഇതുകൊണ്ട് സ്വര്‍ണ്ണം എന്ന നിക്ഷേപത്തിന് മാറ്റ് കുറയുന്നില്ല.
ഇപ്പോഴത്തെ ഇടിവ് സ്വാഭാവികം
1800 ഡോളറില്‍ എത്തിയാല്‍പ്പോലും അത് വലിയൊരു ഇടിവല്ല. കാരണം 2080 ഡോളര്‍ എന്ന വലിയ ഉയര്‍ച്ചയില്‍ നിന്നാണ് സ്വര്‍ണ്ണവില ഇപ്പോള്‍ 1860 ഡോളറിലേക്ക് എത്തിയിരിക്കുന്നത്. അതായത് ഒമ്പത് ശതമാനത്തോളം ഇടിവ് മാത്രം. ഇനിയൊരു അഞ്ച് ശതമാനത്തോളം ഇടിവുണ്ടായാലും അത് സ്വാഭാവികം മാത്രമാണ്. കാരണം 1400 ഡോളര്‍ എന്ന നിലയില്‍ നിന്നാണ് സ്വര്‍ണ്ണവില ഇത്രത്തോളം കയറിയത് എന്നോര്‍ക്കണം.
രണ്ട് വര്‍ഷം കൊണ്ട് ഒരു ഔണ്‍സിന് സ്വര്‍ണ്ണവില 2500 ഡോളറിലേക്ക് എത്തുമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം നല്ലൊരു നിക്ഷേപമാണ്. ഇനിയൊരു 4-5 ശതമാനം ഇടിവ് സ്വര്‍ണ്ണവിലയിലുണ്ടായാല്‍ അത് സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താനുള്ള ഒരു അവസരമായി കണക്കാക്കാവുന്നതാണ്.
ജൂവല്‍റികളുടെ വിലയും രാജ്യാന്തര വിപണിയിലെ വിലയും തമ്മില്‍ വ്യത്യാസം വരുന്നത് എങ്ങനെയാണെന്ന് പലര്‍ക്കും ആശയക്കുഴപ്പം തോന്നാറുണ്ട്. ജൂവല്‍റികള്‍ വില്‍ക്കുന്ന, ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം 91.6 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണ്ണമാണ്. എന്നാല്‍ നിക്ഷേപം എന്ന നിലയിലുള്ള സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി 99.9 പരിശുദ്ധിയുള്ള സ്വര്‍ണ്ണമാണ്. അതായത് തനിതങ്കം. ഇതിന്റെ വിലയാണ് രാജ്യാന്തരവിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലയായി പറയുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine