ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് വളര്‍ച്ചാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്കിംഗ് ഓഹരികള്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്ന് വിദഗ്ധര്‍. ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രമുഖ ബാങ്കിംഗ് ഓഹരികളെല്ലാം വിലയിടിവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ പ്രമുഖ ഓഹരികളായ ബജാജ്
ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്‌ക്കെല്ലാം ഇന്ന് കനത്ത നഷ്ടം നേരിട്ടു.
നിക്ഷേപകരുടെ പ്രിയപ്പെട്ട ഈ ഓഹരികളുടെ ഇപ്പോഴത്തെ വില ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ളതല്ലെന്നും ഇവയുടെ വിലകള്‍ ഇനിയും ഇടിയാന്‍ തന്നെയാണ്
സാധ്യതയെന്നും നിരീക്ഷകര്‍ പറയുന്നു.
ബാങ്കുകള്‍ക്കുള്ളത് ദീര്‍ഘകാല പ്രശ്‌നങ്ങള്‍
മൂന്നുമാസത്തെ വായ്പാ തിരിച്ചടവിന് റിസര്‍വ് ബാങ്ക് സാവകാശം നല്‍കിയതുകൊണ്ട് ബാങ്കുകളുടെ അസറ്റ് ക്വാളിറ്റി മെച്ചപ്പെടുമെന്ന് പറയാനാകില്ല. രാജ്യത്ത് ഇതുപോലൊരു സമ്പൂര്‍ണ സ്തംഭനം ഇതാദ്യമായാണ്. അത് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതായിരിക്കുന്നു. സാധാരണക്കാര്‍ മുതല്‍ കോര്‍പ്പറേറ്റുകളുടെ വരെ വായ്പാ തിരിച്ചടവിനെ അത് ഏറെ നാള്‍ പ്രതികൂലമായി ബാധിക്കും.
പല കോര്‍പ്പറേറ്റുകളും എന്‍ പി എ പ്രശ്‌നം തീര്‍ക്കാന്‍ കോവിഡ് കാലത്തിന് മുമ്പ് തയ്യാറായിരുന്നുവെങ്കിലും ഇപ്പോള്‍ അവരും വലിയ പ്രശ്‌നത്തിലായി. കോര്‍പ്പറേറ്റുകളുടെ വലിയ കടം തിരിച്ചെടുക്കല്‍ ഇനി ഏറെ പ്രയാസമാകും. അതുപോലെ സാധാരണക്കാര്‍ക്ക് നല്‍കുന്ന റീറ്റെയ്ല്‍ വായ്പകളുടെതിരിച്ചടവിലും പ്രശ്‌നങ്ങള്‍ വരാം. പ്രമുഖ ബാങ്കുകളെല്ലാം 2020-2021 സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിത ആളോഹരി സമ്പാദ്യം (ഇപിഎസ്) കുറച്ചിട്ടുണ്ട്.
ഒരു കമ്പനിയിലെ ഓരോ സാധാരണ ഓഹരി ഉടമയ്ക്കും ലഭിക്കുന്ന ലാഭവീതത്തെയാണ്
ഇപിഎസ് അഥവാ ആളോഹരി സമ്പാദ്യം എന്നുപറയുന്നത്. കമ്പനിയുടെ ആദായകരമായ
പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അനുപാതം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മുന്‍ ഇപിഎസ് എസ്റ്റിമേറ്റ് 68.5 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 51.5 ആണ്. എസ്ബിഐ മുന്‍പ് 39.5 ശതമാനമാണ് കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 32.1 ആണ്.
അതുകൊണ്ട് തന്നെ ബാങ്കുകളുടെ ഓഹരികള്‍ വിലകള്‍ 2008 കാലത്തേത്തിന് തുല്യമായി നില്‍ക്കുന്നത് മാത്രം കണക്കിലെടുത്ത് ഇപ്പോള്‍ നിക്ഷേപിക്കാന്‍ ഒരുങ്ങരുത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline