ഐ ടി സി സ്‌റ്റോക്കിന് നല്ല കാലം വരുന്നോ? കഴിഞ്ഞ മാസം മാത്രം വില ഉയര്‍ന്നത് 17 ശതമാനം!
എഫ്എംസിജി കമ്പനികളില്‍ പ്രമുഖരായ ഐടിസിയുടെ തുടര്‍ച്ചയായ നേട്ടം നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തുന്നു
കൊറോണയുടെ വരവും അതിനു അനുബന്ധമായുള്ള ലോക്ക്ഡൗണും കൂടി ഓഹരി വിപണികളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷം മാര്‍ച്ചു മാസം മുതല്‍ ഉളവാക്കിയെങ്കിലും വന്‍ തകര്‍ച്ച നേരിട്ട പല സ്‌റ്റോക്കുകളും മികച്ച രീതിയില്‍ നേട്ടം ഉണ്ടാക്കുന്നതാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി കണ്ടു വരുന്നത്.
എന്നാല്‍ ചില പ്രമുഖ സ്‌റ്റോക്കുകള്‍ക്കും തങ്ങളുടെ വില ഇടിയുന്നതായി ആണ് അനുഭവപ്പെട്ടത്. മറ്റു പല കമ്പനികളുടെ സ്‌റ്റോക്കുകളും തങ്ങളുടെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വില രേഖപെടുത്തിയപ്പോള്‍ അധികം ഉയര്‍ച്ച ഇല്ലാതെ നിക്ഷേപകര്‍ വളരെ വിഷമിച്ചിരുന്ന ഒരു ഓഹരി ആണ് ഐ ടി സി.
നല്ല ഡിവിഡന്റ് എല്ലാ വര്‍ഷവും കൊടുക്കുന്ന എഫ്എംസിജി കമ്പനികളില്‍ പ്രമുഖമായ ഒന്നായിട്ടു കൂടി സ്‌റ്റോക്ക് വിലയില്‍ ഗണ്യമായ ഒരു മുന്നേറ്റം നടത്താന്‍ ഐ ടി സിക്ക് കഴിഞ്ഞില്ല ഈ കാലയളവില്‍.
എന്നാല്‍ ഐ ടി സിയും ഈ അടുത്ത നാളുകളായി തുടര്‍ച്ചയായ നേട്ടം കൈവരിച്ചുവെന്നതു നിക്ഷേപകരില്‍ നല്ല പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആദ്യമായി ഐടിസി ഓഹരി 200 രൂപക്ക് മുകളില്‍ ഉയര്‍ന്നത് ഡിസംബര്‍ ഏഴിനാണ്. ഇതിനു മുമ്പ് ഐ ടി സി 200 രൂപക്ക് മുകളില്‍ എത്തിയത് ഓഗസ്റ്റ് മാസം മധ്യത്തോടെ ആയിരുന്നു.
എന്നാല്‍ പിന്നീട് വില തകരുന്ന കാഴ്ച്ചയാണ് കണ്ടു വന്നത്. അതിനു ഒരു മാറ്റമായി എന്നതിന്റെ സൂചനയാണ് തിങ്കളാഴ്ച്ച നടന്ന ട്രേഡിങില്‍ ഐ ടി സി വീണ്ടും 200 രൂപയ്ക്കു മുകളില്‍ എത്തിയത് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു മാസം തന്നെ ഈ സ്‌റ്റോക്ക് ഏകദേശം 17 ശതമാനം ഉയര്‍ന്നിരുന്നു. എന്നിരുന്നാലും ഈ വര്‍ഷത്തെ ഇത് വരെ ഉള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഐ ടി സിയുടെ വില ഏകദേശം 15.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2.48 ലക്ഷം കോടി രൂപയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലിസഷന്‍ ആണ് ഐ ടി സിക്കുള്ളത്.
ഡിസംബര്‍ 8 രാവിലെ 9.40നു ഇന്നലത്തെ വിലയില്‍ നിന്നും 65 പൈസ ഉയര്‍ന്ന 203.85 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്
ഓഹരി വില വിശകലന വിദഗ്ധരുടെ ശുപാര്ശകള്‍ക്ക് അനുസൃതമായാണ് ഐ ടി സി വില ഉയര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.
ഐ ടി സിയുടെ വില 200 രൂപയോ അതില്‍ കൂടുതലോ എത്തുമെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നോ നാലോ ആഴ്ച മുമ്പ് ഐ ടി സി സ്‌റ്റോക്ക് വാങ്ങാന്‍ അനലിസ്റ്റുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഐ ടി സിയുടെ ഓഹരി വില 174 രൂപയായിരുന്ന സമയത്ത് സെന്‍ട്രം ബ്രോക്കിംഗ് 257 രൂപ എന്ന ടാര്‍ഗെറ്റ് വില നല്‍കി. ഐസിഐസിഐ സെക്യൂരിറ്റീസ് മൂന്നാഴ്ച മുമ്പ് 200 രൂപയെന്ന ടാര്‍ഗെറ്റ് വില നല്‍കി.
സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ ഐടിസിയുടെ എഫ്എംസിജി ബിസിനസ്സ് പ്രതിവര്‍ഷം 15.4 ശതമാനം വില്‍പന വളര്‍ച്ച കൈവരിച്ചു. ഇത് സമാന കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലൊന്നാണ്.
പക്ഷെ സിഗരറ്റില്‍ നിന്നുള്ള വരുമാനം നിരാശപ്പെടുത്തി ഏകദേശം 3.9 ശതമാനം ഇടിഞ്ഞു. സിഗരറ്റ് ബിസിനസില്‍ ആഗോള പാരിസ്ഥിതിക, സാമൂഹിക, ഭരണ മാനദണ്ഡങ്ങള്‍ ബാധിക്കപെടുമെന്നത് കൊണ്ട് ഐടിസി സ്‌റ്റോക്ക് കോവിഡിന് മുമ്പ് നേടിയ ഉയരങ്ങളില്‍ നിന്നും 29 ശതമാനം ഇടിഞ്ഞു.
അതെ സമയം അത്യാവശ്യ വിഭാഗമായ ആട്ട, പേഴ്‌സണല്‍ വാഷ് എന്നിവയില്‍ ഐടിസിയുടെ വരുമാനം ഏകദേശം 25 ശതമാനം വര്‍ദ്ധിച്ചു. എഫ്എംസിജി എബിറ്റ്ഡ മാര്‍ജിന്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 8.7 ശതമാനം ആയിരുന്നു. ഇത് FY23 ആകുമ്പോഴേക്കും 10 ശതമാനം ഇബിറ്റ്ഡ മാര്‍ജിന്‍ കൈവരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തില്‍ ഐടിസി 19.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.