തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഓരോ ബ്രോക്കര്‍മാരും പ്രത്യേക മേഖലകളോ തീമോ എടുത്തു കാട്ടി വാങ്ങല്‍ റിപ്പോര്‍ട്ടുമായി വരുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയോ ബാങ്കിംഗോ ആണ് സാധാരണ പ്രിയപ്പെട്ടതായി കാണുന്നത്. ഇന്ത്യയില്‍ ഉപഭോക്തൃപരമായ തീമിന് അവസാനമില്ല. എല്ലാ ഓഹരികളും ഈയൊരു കണ്‍സ്യൂമര്‍ തീമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പുതിയ സര്‍ക്കാര്‍ എന്നതുകൊണ്ട് ഇതില്‍ നിന്ന് വലിയ മാറ്റം ഉണ്ടാകാന്‍ പോകുന്നു എന്ന് അര്‍ത്ഥമില്ല.
സര്‍ക്കാരിലേക്കും മാറ്റങ്ങളിലേക്കും തിരിഞ്ഞു നോക്കുകയാണെങ്കില്‍ നിക്ഷേപക മേഖലയെ പിടിച്ചു കുലുക്കിയതില്‍ ഒന്നാമത് 1986 ലെ വി.പി സിംഗ്-രാജീവ് ഗാന്ധി ബജറ്റായിരുന്നു. ഇറക്കുമതി നിരക്കുകള്‍ കുറക്കാന്‍ കഴിയുമെന്ന് അന്നാദ്യമായി നമ്മള്‍ മനസിലാക്കി. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് (മോഡിഫൈഡ് വാല്യു ആഡഡ് ടാക്‌സ് അല്ലെങ്കില്‍ MODVAT ക്രെഡിറ്റ്) ഒരാമുഖം സൃഷ്ടിക്കലായിരുന്നു അത്. അത് കാര്യങ്ങള്‍ സംഘടിത മേഖലയ്ക്ക് അനുകൂലമാക്കി.
നിക്ഷേപക തീരുമാനങ്ങളെ ബാധിച്ച ആദ്യത്തെ വലിയൊരു മാറ്റം എന്നു പറയാവുന്നത് ഈ നടപടിയായിരുന്നു. അതിനു ശേഷം നരസിംഹ റാവു-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ട് 1992 ലെ ബജറ്റിലൂടെ രാജ്യാന്തര വിപണിയില്‍ നിന്നുള്ള പണമൊഴുക്കിന് വഴിയൊരുക്കിയതാണ് യഥാര്‍ത്ഥത്തില്‍ ആദ്യത്തെ വമ്പന്‍ പരിഷ്‌കരണം. ഇത് വിപണിയെ ഉന്മാദിയാക്കി മാറ്റി. പിന്നീട്, വാജ്‌പേയ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോകുകയും മിക്ക ഇന്‍ഡസ്ട്രികള്‍ക്കും അത് സഹായകരമാകുകയും ചെയ്തു.
മുമ്പേ നടന്ന ഇക്കാര്യങ്ങള്‍ക്ക് അപ്പുറം അടിസ്ഥാനപരമായി എന്തെങ്കിലും മാറ്റം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടോ? ചരക്കു സേവന നികുതി (GST) നടപ്പിലാക്കിയത് മികച്ച നടപടിയായിരുന്നു. അത് സ്ഥായിയായൊരു പ്രതിഫലനം ഉണ്ടാക്കി. പുതിയ പാപ്പരത്ത നിയമം കൊണ്ടുവന്നത് മറ്റൊരു നാഴികക്കല്ലാണ്. നടപ്പില്‍ വരുത്തുക എന്നതാണ് പ്രധാനം. നമ്മുടെ കുത്തഴിഞ്ഞ നിയമ സംവിധാനത്തിന്റെ ഫലമായി പലപ്പോഴും വൈറ്റ് കോളര്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് വിരളമാണ്.
നമ്മുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല എന്ന ആശങ്കകളുണ്ട്. സാങ്കേതിക വിദ്യയില്‍ ഉണ്ടായ മാറ്റങ്ങളും മൂലധന അപര്യാപ്തതയും നമ്മുടെ ഉല്‍പ്പാദന മേഖലയെ മത്സരക്ഷമമല്ലാതാക്കി മാറ്റിയിട്ടുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരേയൊരു മേഖല സേവന മേഖലയാണ്. ജനസംഖ്യാനുപാതികമായി കൃഷിയിടങ്ങളുടെ വ്യാപ്തി കൂടാത്തതിനാല്‍ കാര്‍ഷിക മേഖലയിലും പ്രശ്‌നങ്ങളുണ്ട്.
6-7 ശതമാനം എന്ന നിലയില്‍ വളര്‍ച്ചാ നിരക്ക് മുരടിക്കുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. പണപ്പെരുപ്പം 4-5 ശതമാനം എന്നത് ന്യായമായ അനുമാനവുമാണ്. ഇതില്‍ നാടകീയമായ മാറ്റം വരുത്താന്‍ സാധിക്കുന്ന ചില ഘടകങ്ങള്‍ ഇതാണ്.
1. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുകയും ഇന്ധന ഇറക്കുമതിയില്‍ വലിയ കുറവ് വരികയും ചെയ്യുക
2. വ്യാപാര കമ്മി കുറഞ്ഞുകൊണ്ടിരിക്കുക
3. ആഗോള തലത്തിലേക്ക് വളരുന്ന തരത്തില്‍ ഉല്‍പ്പാദന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുക.
അതേസമയം, ആഗോള തലത്തില്‍ സംരക്ഷണ വാദവും ദേശീയവാദവും ഉയര്‍ന്നു വരുന്നതു മൂലം ആഗോള വിപണി ചുരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംരക്ഷണവാദത്തെയും ദേശീയവാദത്തെയും സാമ്പത്തിക സബ്‌സിഡികളെയും വലിയ തോതില്‍ പിന്തുണക്കുകയാണ്. ഏത് സര്‍ക്കാരാണ് അധികാരത്തിലുള്ളത് എന്നതൊന്നും ഇതിനു തടസമാകുന്നില്ല. അധികാരം നിലനിര്‍ത്തുന്നതിന് അവര്‍ക്ക് പൊതുവികാരത്തിനൊപ്പം നിന്നേ പറ്റൂ.
എന്തു വില കൊടുത്തും അധികാരം നേടുക എന്നതിലപ്പുറം രാജ്യത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളൊന്നും അവര്‍ക്കില്ല. ഓരോ തെരഞ്ഞെടുപ്പിലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിച്ച പ്രകടന പത്രിക ഒന്നു നോക്കുക. അതില്‍ സ്ഥിരമായ വിഷയങ്ങള്‍ ഒന്നുമില്ല.
ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി പ്രകടന പത്രിക മാറിക്കൊണ്ടിരിക്കുന്നത്? ചൈന മാത്രമേ അവരുടേതായ വഴി കണ്ടെത്തിയിട്ടുള്ളൂ എന്നു തോന്നുന്നു. അതുകൊണ്ടു തന്നെ സ്ഥിരമായി പ്രവചിക്കപ്പെടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അവര്‍ക്കില്ല. ദീര്‍ഘകാല ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് അവരുടേത്.
ഇതിനു പുറമേ, സര്‍ക്കാര്‍ നയങ്ങളില്‍ കൃത്രിമം കാട്ടാനാണ് ബിസിനസ് ലോകം ശ്രമിക്കുന്നത്. മൈത്രീ മുതലാളിത്തത്തിന്റെ (crony capitalism) ഇരകളാണ് ഓരോ സര്‍ക്കാരും. ഇതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല.
ഇതിന്റെ ഫലമായി നാലോ അഞ്ചോ പ്രമുഖരും അവരുമായി മത്സരിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുമടങ്ങുന്ന ബിസിനസ് മേഖലകള്‍ വളരെ വേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിലുള്ള ഒരു പ്രതിഭാസമാണെന്നാണ് കരുതേണ്ടത്. ഇന്ത്യയ്ക്ക് മാത്രമായി സവിശേഷമായി ഇതില്‍ ഒന്നുമില്ല. രാഷ്ട്രീയവും ബിസിനസും തമ്മില്‍ പരസ്പര വ്യവഹാരം തുടങ്ങിയിട്ട് കാലമേറെയായി. ഇതിനു പുറമേ നിയമങ്ങള്‍ നടപ്പാക്കുന്നതിലെ അയഞ്ഞ സമീപനം ഇന്ത്യന്‍ സാഹചര്യങ്ങളെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാക്കുന്നു.
ബാങ്കിംഗ് മേഖല ഏറെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. വായ്പാ ദാതാക്കള്‍ ആശങ്കാകുലരാണ്. നിക്ഷേപകരാകട്ടെ അനിശ്ചിതത്വത്തിലുമാണ്. ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വാല്യുവേഷന്‍ ഇപ്പോഴും പ്രശ്‌നം തന്നെ.
ഒരു കീഴ്‌മേല്‍ മറിക്കല്‍ സമീപനം
ഒരു സാഹചര്യത്തിലും രാഷ്ട്രീയം പോസിറ്റീവ് ആയതോ നെഗറ്റീവ് ആയതോ ആയ ഘടകമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സാമ്പത്തിക മേഖലയുടെ വളര്‍ച്ചയുമായി ബന്ധമില്ലാത്ത പോരാട്ടങ്ങളില്‍ സജീവമായതു കൊണ്ടു തന്നെ, രാഷ്ട്രീയക്കാര്‍ക്ക് പോസിറ്റീവായ സാഹചര്യം സൃഷ്ടിക്കാനാവുമെന്ന് കരുതുന്നുമില്ല. പരിഷ്‌കരണ നടപടികള്‍ക്ക് വളര്‍ച്ചയെ ത്വരിതപ്പെടുത്താനാകുമ്പോള്‍ ഇന്ത്യ ഒരു നിശ്ചിത വേഗത്തില്‍ വളരും. ആരുടെ സര്‍ക്കാരാണ് എന്നത് അവിടെ പ്രസക്തമല്ല.
അതോടൊപ്പം നിലവിലുള്ള നിക്ഷേപം തുടരുക എന്നതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ വരുമാനം എപ്പോള്‍ മികച്ച രീതിയിലേക്ക് ഉയരുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ പുതുതായി നിക്ഷേപം നടത്താന്‍ തിരക്കു പിടിക്കേണ്ടതില്ല. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍, വിപണി വാങ്ങലിനുള്ള ഒരവസരം നല്‍കിയേക്കും. അങ്ങനെയല്ലെങ്കില്‍ ഇപ്പോള്‍ പുതുതായി നിക്ഷേപം നടത്താതിരിക്കാനാണ് എനിക്ക് താല്‍പ്പര്യം. നിലവിലുള്ള സര്‍ക്കാരിന് രണ്ടാമതും അവസരം ലഭിക്കുകയാണെങ്കില്‍ വിപണിയില്‍ ഒരു ബുള്ളിഷ് തരംഗം പ്രതീക്ഷിക്കാം. സ്‌മോള്‍ കാപ് ഓഹരികള്‍ തൊടാതിരിക്കുന്നതായിരിക്കും സുരക്ഷിതം. അപ്പോള്‍ 52 ആഴ്ചകളിലെ ചരിത്രപരമായ ഉയര്‍ച്ചയും താഴ്ചയുമൊന്നും മനസിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
(കടപ്പാട്: ആർ. ബാലകൃഷ്ണൻ, മണിലൈഫ്)