ഈ ഹൗസിംഗ് ഫിനാന്‍സ് ഓഹരിയില്‍ ജുന്‍ജുന്‍വാല നിക്ഷേപിച്ചത് 278 കോടി രൂപ
ജൂണ്‍ 2021 ല്‍ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ത്ത ഈ ഓഹരിയിന്ന് വിപണിയിലെ ചര്‍ച്ചാവിഷയമായതെങ്ങനെ, വായിക്കാം.
രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കപ്പെട്ട ഹൗസിംഗ് ഫിനാന്‍സ് സ്റ്റോക്ക് ഓഹരി വിപണിയിലെ പുതിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യ ബുള്‍സിലാണ് രാകേഷ് ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. അതും 278 കോടി രൂപ.
കമ്പനിയുടെ ഏറ്റവും പുതിയ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ കാണിക്കുന്നത് 2021 ജൂണ്‍ 30 വരെ പ്രമുഖ മോര്‍ട്ട്‌ഗേജ് ഫിനാന്‍സ് കമ്പനിയുടെ 1,00,00,000 ഇക്വിറ്റി ഓഹരികള്‍ അല്ലെങ്കില്‍ 2.17 ശതമാനം ഓഹരി ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുണ്ട് എന്നാണ്.
2021 മാര്‍ച്ച് വരെ പ്രധാന ഷെയര്‍ ഹോള്‍ഡര്‍മാരുടെ പേരില്‍ രാകേഷ് ജുന്‍ജുന്‍വാല ഉണ്ടായിരുന്നില്ലെന്നതിനാല്‍ തന്നെ ഏറ്റവും പുതിയ പ്രധാന നിക്ഷേപകരില്‍ ജുന്‍ജുന്‍വാലയും ചര്‍ച്ചയായിരിക്കുകയാണ്.
ട്രെന്‍ഡ്‌ലൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(SAIL) എന്നിവയില്‍ പുതുതായി നിക്ഷേപം നടത്തുന്നതോടൊപ്പം ഫെഡറല്‍ ബാങ്ക്, എഡല്‍ വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലെ ഓഹരി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.