കേരളത്തില്‍ നിന്നുള്ള ഈ കമ്പനിയില്‍ ഓഹരികള്‍ വര്‍ധിപ്പിച്ച് ജുന്‍ജുന്‍വാല!

ഓഹരിവില 105 രൂപയില്‍ താഴെ.

Update: 2021-10-23 15:26 GMT

Pic courtesy: Alchemy Capital

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ കേരളത്തില്‍ നിന്നുള്ള ഈ ഓഹരി വീണ്ടും ചര്‍ച്ചയാകുകയാണ്. കാരണം ബാങ്കിംഗ് മേഖലയിലെ ഈ ഓഹരി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം ഇന്ത്യക്കാരുടെ വാരന്‍ബഫറ്റ് ജുന്‍ജുന്‍വാല ഈ കമ്പനിയിലെ തന്റെ നിക്ഷേപവും ഇക്കഴിഞ്ഞ പാദത്തില്‍ വര്‍ധിപ്പിച്ചു.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കാണ് ബാങ്കിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ ഈ പ്രിയപ്പെട്ട സ്റ്റോക്ക്. ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളുടെ 3.65 ശതമാനമാണ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ഫയലിംഗ് പ്രകാരം ഫെഡറല്‍ബാങ്കിന്റെ 1.01 ശതമാനം ഓഹരികളാണ് പുതുതായി ജുന്‍ജുന്‍വാല വാങ്ങിയത്.

രാകേഷ് ജുന്‍ജുന്‍വാലയുടെയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും പേരില്‍ ഇതോടെ 2.10 കോടി ഓഹരികളാണ് ഫെഡറല്‍ ബാങ്കില്‍ ഉള്ളത്. ഇത് കൂടാതെ 5.47 കോടി ഓഹരികള്‍ ബാങ്കിന്റേതായി ജുന്‍ജുന്‍വാലയ്ക്കുണ്ട്.

മികച്ച പാദഫലങ്ങള്‍ ബാങ്കിന്റെ ഓഹരികളെയും മികച്ച രീതിയില്‍ പിന്തുണയ്ക്കുന്നു. ഇക്കഴിഞ്ഞ ദിവസം 98 രൂപയായിരുന്ന ബാങ്ക് ഓഹരികള്‍ ഇപ്പോള്‍ (ഒക്ടോബര്‍ 22) 103 രൂപ എന്ന നിലയ്ക്കാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ബാങ്കിന്റെ രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവന്നതിനുപിന്നാലെയാണ് ഈ കുതിപ്പ്.

ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 488 കോടി രൂപയാണ് ബാങ്ക് കൈവരിച്ച അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 315.70 കോടി രൂപയായിരുന്നു. അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരിവിപണി വിദഗ്ധര്‍ ഏറെ പ്രതീക്ഷയോടെയാണ് ബാങ്ക് ഓഹരികളെ നോക്കിക്കാണുന്നതും.

Tags:    

Similar News