ജിയോ ഫിനാന്‍ഷ്യല്‍ ബോണ്ട് വിപണിയിലേക്കും, ലക്ഷ്യം ₹10,000 കോടി വരെ
ഓഹരികള്‍ ഇടിവില്‍, ലിസ്റ്റിംഗ് മുതല്‍ ഇന്ന് വരെ 13 ശതമാനത്തിലധികം നഷ്ടം
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രകമ്പനിയായി ഓഹരി വിപണിയിലെത്തിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആദ്യ ബോണ്ട് വില്‍പ്പനയുമായി എത്തുന്നു. 5,000 മുതല്‍ 10,000 കോടി രൂപ വരെയാണ് ബോണ്ട് വില്‍പ്പന വഴി ജിയോ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാന പാദത്തോടെ ബോണ്ട് പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ക്രെഡിറ്റ് റേറ്റിംഗും മറ്റ് അത്യാവശ്യ അനുമതികളും നേടി വരികയാണ്. അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയിലുള്ള ബോണ്ടുകളാകും ഇറക്കുകയെന്നാണ് സൂചന.
വാഹന, ഭവന വായ്പകളടക്കം എല്ലാ സാമ്പത്തിക സേവനങ്ങളും നല്‍കുന്ന സ്ഥാപനമായി മാറാന്‍ ലക്ഷ്യമിട്ടാണ് ജിയോ ഫിനാന്‍ഷ്യലിനെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയത്. ബജാജ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടാണ് ജിയോയുടെ മത്സരം.
ഈ മാസമാദ്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 വര്‍ഷകാലാവധിയുള്ള ബോണ്ടുകളിലൂടെ 20,000 കോടി രൂപ സമാഹരിച്ചിരുന്നു. ഒരു ധനകാര്യ ഇതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ബോണ്ട് വില്‍പ്പനയായിരുന്നുവിത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യൽ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 101 ശതമാനം വര്‍ധനയോടെ 688 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തവരുമാനം ഇക്കാലയളവില്‍ 608 കോടിരൂപയാണ്.
ജിയോ ഓഹരികള്‍ ഇന്ന് 2.40 ശതമാനം ഇടിഞ്ഞ് 215.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഓഗസ്റ്റ് 21ന് ലിസ്റ്റ് ചെയ്തതു മുതല്‍ ഇതു വരെ ഓഹരി വില 13.42 ശതമാനം താഴ്ന്നിട്ടുണ്ട്.