സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കൊയ്ത് തുടര്‍ച്ചയായ അഞ്ചാം ദിനം

സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍ എത്തിയതിന്റെ നേട്ടം കേരള കമ്പനികള്‍ക്ക് ലഭിച്ചില്ല, നേട്ടമുണ്ടാക്കിയത് എട്ട് ഓഹരികള്‍ മാത്രം

Update: 2020-12-17 12:29 GMT

ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഓഹരി വിപണി. തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സും നിഫ്ഫ്റ്റിയും ഇന്ന് സര്‍വകാല ഉയരത്തിലാണ്. സെന്‍സെക്‌സ് 223.88 പോയ്ന്റ് ഉയര്‍ന്ന് 46,890.34 പോയ്ന്റിലും നിഫ്റ്റി 58 പോയ്ന്റ് ഉയര്‍ന്ന് 13740.70 പോയ്ന്റിലും എത്തി.

1234 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1485 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 137 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
ഡിവിസ് ലാബ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാ്ക്കാനാകാതെ പോയി.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും കേരള കമ്പനികള്‍ക്ക് അത്ര മികച്ച ദിവസമായിരുന്നില്ല ഇന്ന്. എട്ട് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 18 ഓഹരികളുടെയും വിലയില്‍ ഇടിവുണ്ടായി. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായുമില്ല. 3.49 ശതമാനം നേട്ടത്തോടെ കിറ്റെക്‌സ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 4.05 രൂപ വര്‍ധിച്ച് 119.95 രൂപയാണ് ഇന്നത്തെ ഓഹരി വില.
എവിറ്റിയുടെ ഓഹരി വില 1.40 രൂപ വര്‍ധിച്ച് (2.78 ശതമാനം) 51.75 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റേത് 5.65 രൂപ വര്‍ധിച്ച് (2.63 ശതമാനം) 220.45 രൂപയിലും എത്തി. സിഎസ്ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, റബ്ഫില എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
4.44 ശതമാനം ഇടിവോടെ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസും 3.88 ശതമാനം ഇടിവോടെ പാറ്റ്‌സ്പിന്‍ ഇന്ത്യയും നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ മുന്നിലായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വില 10 രൂപ ഇടിഞ്ഞ് (2.66 ശതമാനം) 366.25 രൂപയിലും കേരള ആയുര്‍വേദയുടേത് 1.20 രൂപ ഇടിഞ്ഞ് (2.41 ശതമാനം) 48.55 രൂപയിലും എത്തി. അപ്പോളോ ടയേഴ്‌സിന്റെ ഓഹരിവില മാറ്റമില്ലാതെ തുടരുന്നു.



 




Tags:    

Similar News