ഓട്ടോ, ഫിനാന്‍സ് ഓഹരികളുടെ ബലത്തില്‍ വിപണി മുന്നേറി

ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങിയ കേരള കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി

Update: 2020-11-18 12:47 GMT

ഓട്ടോ, ഫിനാന്‍സ് കമ്പനികളുടെ മെച്ചപ്പെട്ട പ്രകടനത്തിന്റെ ബലത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 227.34 പോയ്ന്റ് ഉയര്‍ന്ന് 44180.05 പോയ്ന്റിലും നിഫ്റ്റി 64.10 പോയ്ന്റ് ഉയര്‍ന്ന് 12938.30 പോയ്ന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. 1496 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1100 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 153 ഓഹരികളുടെ വിലയില്‍ ഇന്ന് മാറ്റമൊന്നുമുണ്ടായില്ല.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേസമയം ബിപിസിഎല്‍, എച്ച് യു എല്‍, ഡേ റെഡ്ഡീസ് ലാബ്‌സ്, ഐറ്റിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധനയുണ്ടായപ്പോള്‍ എട്ടു കമ്പനികള്‍ക്ക് മാത്രമാണ് കാലിടറിയത്. 12.11 ശതമാനം വര്‍ധനയോടെ ഹാരിസണ്‍സ് മലയാളമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി. 11.20 രൂപ വര്‍ധിച്ച് കമ്പനിയുടെ ഓഹരി വില 103.70 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 10.22 ശതമാനം വര്‍ധിച്ച് (41.35 രൂപ) 446 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റേത് 8.63 ശതമാനം (15.40 രൂപ) വര്‍ധിച്ച് 193.85 രൂപയിലുമെത്തി.

സൗത്ത് ഇന്ത്യന്‍ ബാങ്ക് (8.37 ശതമാനം), ഫെഡറല്‍ ബാങ്ക് (6.72 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (5.00 ശതമാനം). ആസ്റ്റര്‍ ഡി എം (4.49 ശതമാനം), നിറ്റ ജലാറ്റിന്‍ (4.01 ശതമാനം), കേരള ആയുര്‍വേദ (3.00 ശതമാനം), എവിറ്റി (2.86 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.56 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.61 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.04 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.87 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.84 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.81 ശതമാനം), സിഎസ്ബി ബാങ്ക് (0.52 ശതമാനം), കിറ്റെക്‌സ് (0.15 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.21 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.65 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.31 ശതമാനം), എഫ്എസിടി (1.29 ശതമാനം), കെഎസ്ഇ (0.89 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.78 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.67 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.28 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള കമ്പനികള്‍. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.




 



Tags:    

Similar News