ഓഹരി വിപണിയില്‍ ആവേശപൂരം; സെന്‍സെക്‌സ് 52,000 കടന്നു

കോര്‍പ്പറേറ്റുകളുടെ ലാഭമുയരുന്നതും ആഭ്യന്തര - വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങലുകാരായി രംഗത്തുള്ളതും ഓഹരി വിപണിയെ ചൂടുപിടിപ്പിക്കുന്നു

Update: 2021-02-15 12:38 GMT

ഇന്ത്യന്‍ ഓഹരി സൂചിക, പുതിയ വാരത്തിന്റെ ആദ്യ വ്യാപാര ദിനത്തില്‍ മറ്റൊരു റെക്കോര്‍ഡിട്ട് കുതിപ്പ് തുടങ്ങി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ കുതിച്ചുമുന്നേറിയപ്പോള്‍ ഐറ്റി, മെറ്റല്‍ ഓഹരികളിലാണ് കിതപ്പ് കണ്ടത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ ഉണര്‍വിന്റെ സൂചനകളും വിദേശ - ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വാങ്ങലുകളും വിപണിയെ ആവേശത്തിലാക്കുന്നുണ്ട്.

ചരിത്രത്തില്‍ ഇന്നാദ്യമായി സെന്‍സെക്‌സ് 52,000 പോയ്ന്റ് കടന്നു. 610 പോയ്ന്റ്, 1.18 ശതമാനമാണ് ഇന്ന് സെന്‍സെക്‌സ് നേട്ടമുണ്ടാക്കിയത്. 52,154 ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 52,177.5 എന്ന തലത്തിലെത്തിയിരുന്നു. ആക്‌സിസ് ബാങ്ക് ഓഹരി ഇന്ന് ആറുശതമാനം നേട്ടമാണുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ് ബി ഐ, ബജാജ് ഫിന്‍സെര്‍വ്. എച്ച് ഡി എഫ് സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികളെല്ലാം ഇന്ന് നേട്ടം കൊയ്തു.

അതേസമയം ടി സി എസ്, ടെക് മഹീന്ദ്ര, എച്ച് സി എല്‍ ടെക് എന്നിവയെല്ലാം താഴ്ചയാണ് രേഖപ്പെടുത്തിയത്.

നിഫ്റ്റിയുടെ ഇന്ന് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചു. 15,315 പോയ്ന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ നിഫ്റ്റി 15,327 ലെത്തിയിരുന്നു. ഒരു ശതമാനത്തിലേറെ വര്‍ധനയാണ് നിഫ്റ്റിയിലുണ്ടായത്.

ബി എസ് ഇ മിഡ്കാപ് സൂചിക 1.4 ശതമാനമാണ് ഉയര്‍ന്നത്. സ്‌മോള്‍കാപ് 0.4 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള ഓഹരി വിപണികളിലും ഉയര്‍ച്ച തുടരുകയാണ്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ കുതിപ്പ് നടത്തിയപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വില 2.71 ശതമാനം വര്‍ധിച്ചു. അതേ സമയം മറ്റ് കേരള ബാങ്കുകളായ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരികളെല്ലാം താഴ്ചയാണ് രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് പുതിയ റെക്കോര്‍ഡിട്ട ദിനത്തില്‍ 12 കേരള കമ്പനികളുടെ ഓഹരി വിലകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. എന്‍ബിഎഫ്‌സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില നേരിയ ഇടിവ് രേഖപ്പെടുത്തി. വിക്ടറി പേപ്പര്‍ ഓഹരി വില ഇന്ന് ഒന്‍പത് ശതമാനത്തിലേറെ ഇടിഞ്ഞു.




 


Tags:    

Similar News