ലാഭമെടുത്ത് നിക്ഷേപകര്‍, കുതിപ്പിനൊടുവില്‍ താഴ്ചയോടെ സെന്‍സെക്‌സ്

ഇന്ന് വ്യാപാര ആരംഭത്തില്‍ പുതിയ റെക്കോര്‍ഡിട്ട സെന്‍സെക്‌സ്, നിക്ഷേപകര്‍ ലാഭമെടുപ്പ് ആരംഭിച്ചതോടെ താഴ്ചയില്‍ ക്ലോസ് ചെയ്തു

Update:2021-01-13 17:42 IST

ഇന്നും ഇന്ത്യന്‍ ഓഹരി വിപണി സ്വന്തം റെക്കോര്‍ഡ് തിരുത്താനുള്ള തയ്യാറെടുപ്പോടെയാണ് വ്യാപാരം തുടങ്ങിയത്. സര്‍വകാല റെക്കോര്‍ഡ് തലത്തിലേക്ക് സൂചികകള്‍ കുതിച്ചെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് ചുവടുമാറ്റി. അതോടെ വിപണിയുടെ താഴോട്ടിറക്കവും തുടങ്ങി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് റെക്കോര്‍ഡ് തലത്തില്‍ നിന്ന് 731 പോയ്ന്റും നിഫ്റ്റി 217 പോയ്ന്റും ഇടിഞ്ഞിരുന്നു. ഇന്ന് സെന്‍സെക്‌സ് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 49,795.19 പോയ്‌ന്റെന്ന റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

49,492 പോയ്ന്റിലാണ് ഇന്ന് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഇന്നലത്തെ ക്ലോസിംഗ് തലത്തില്‍ നിന്ന് 25 പോയ്ന്റ് അഥവാ 0.05 ശതമാനം ഇടിവ്. നിഫ്റ്റി അതേസമയം 1.4 പോയ്ന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 14,564.85 പോയ്ന്റില്‍ ക്ലോസ് ചെയ്തു.

ഇന്ന് എം&എം ഓഹരി വില ആറുശതമാനത്തോളമുയര്‍ന്ന് ട്രില്യണ്‍ ക്ലബ് കമ്പനികളുടെ നിരയിലേക്ക് ഉയര്‍ന്നു. ബി എസ് ഇ ക്ലോസിംഗ് വേളയില്‍ കമ്പനിയുടെ വിപണി മൂല്യം 1.02 ട്രില്യണ്‍ രൂപയാണ്.

എസ് ബി ഐ ഓഹരി വില 4.5 ശതമാനവും ഐടിസി ഓഹരി വില 2.4 ശതമാനവും ഭാരതി എയര്‍ ടെല്‍ ഓഹരി വില രണ്ടുശതമാനവും ഇന്ന് ഉയര്‍ന്നു. സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ നേട്ടമേറെയുണ്ടാക്കിയതും ഇവരാണ്. ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയാണ് സൂചികാ കമ്പനികളില്‍ ഏറെ നഷ്ടമുണ്ടാക്കിയവ.

ബാങ്കിംഗ് ഓഹരികളും റിലയന്‍സുമാണ് ഇന്ന് സെന്‍സെക്‌സിന്റെ താഴ്ചയ്ക്ക് പ്രധാനകാരണക്കാര്‍. സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ 30ല്‍ 16 ഉം ഇന്ന് റെഡ് സോണിലാണ്.


കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരള കമ്പനികളില്‍ ആറെണ്ണത്തിന്റെ ഓഹരി വിലകള്‍ മാത്രമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില അഞ്ചുശതമാനത്തോളം ഉയര്‍ന്നു. കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെ ഓഹരി വിലയും ഇന്ന് താഴ്ച രേഖപ്പെടുത്തി. കെഎസ്ഇ ലിമിറ്റഡിന്റെ വില മൂന്നുശതമാനത്തിലേറെ ഉയര്‍ന്നു.




 


Tags:    

Similar News