ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടം രേഖപ്പെടുത്തി സെന്‍സെക്‌സ്

താഴ്ന്നു, പതിയെ ഉയര്‍ന്നു. ഒടുവില്‍ നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സ്

Update:2021-05-03 18:00 IST

പുതിയ വാരത്തിലെ ആദ്യ വ്യാപാര ദിവസത്തില്‍ ചാഞ്ചാടി ഓഹരി വിപണി. ഇന്ന് രാവിലെ വ്യാപാരം തുടങ്ങി ആദ്യ അരമണിക്കൂറില്‍ തന്നെ 500 ലേറെയാണ് ചാഞ്ചാടിയത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 48,028 പോയ്ന്റ് വരെ താഴ്ന്ന സെന്‍സെക്‌സ് പതുക്കെ 48,863 വരെ ഉയര്‍ന്നു. വ്യാപാര അന്ത്യത്തില്‍ വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലയേക്കാള്‍ 64 പോയ്ന്റ്, അഥവാ 0.13 ശതമാനം താഴ്ന്ന് 48,718ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി മൂന്ന് പോയ്ന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 14,634ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിഫ്റ്റി 14,674 പോയ്ന്റ് തൊട്ടിരുന്നു.

എസ്ബിഐ ലൈഫ് ആണ് നിഫ്റ്റി സൂചികാ കമ്പനികളില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട്‌സ് എന്നിവയും നിഫ്റ്റിയെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു.

സെന്‍സെക്‌സ് സൂചികയില്‍ ഇടിവുണ്ടായെങ്കിലും ബിഎസ്ഇ സ്‌മോള്‍ കാപ് സൂചികയില്‍ മുന്നേറ്റമായിരുന്നു. 1.6 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. മിഡ് കാപ് സൂചിക 0.05 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് ഓഹരി വില മാത്രമാണ് ഇന്നുയര്‍ന്നത്. 0.02 ശതമാനം. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകള്‍ താഴ്ന്നു.

ഹാരിസണ്‍ മലയാളം ഓഹരി വില എട്ടര ശതമാനത്തിലേറെ ഉയര്‍ന്നു. എവിറ്റി നാചുറല്‍ (6.22%), നിറ്റ ജലാറ്റിന്‍ (7.38%) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.

കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓഹരി വില ഇന്നും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞ് 58.70 രൂപയിലെത്തി.




 


Tags:    

Similar News