ഉയര്‍ന്നും താഴ്ന്നും ഓഹരി വിപണി, നേരിയ നേട്ടം
എഫ്എംസിജി ഒഴികെയുള്ള സൂചികകളിലെല്ലാം ഇടിവ്, കേരള ഓഹരികളില്‍ ഒന്‍പത് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. മെറ്റല്‍, ഓട്ടോ, ഫാര്‍മ ഓഹരികളുടെ വ്യാപകമായ വിറ്റഴിക്കലിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്.
സെന്‍സെക്‌സ് 41.75 പോയ്ന്റ് ഉയര്‍ന്ന് 48732.55 പോയ്ന്റിലും നിഫ്റ്റി 18.70 പോയ്ന്റ് ഉയര്‍ന്ന് 14677.80 പോയ്ന്റിലും ക്ലോസ് ചെയ്തു. 1402 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1627 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 141 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഏഷ്യന്‍ പെയ്ന്റ്‌സ്, യുപിഎല്‍, ഐറ്റിസി, നെസ്ലെ, എല്‍ ആന്‍ഡ് ടി എന്നിവ നേട്ടമുണ്ടാക്കി.
എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളിലും ഇടിവുണ്ടായി. മെറ്റല്‍ സൂചികയില്‍ മാത്രം 4 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ഒന്‍പത് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (7.29 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.55 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.05 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.28 ശതമാനം), എഫ്എസിടി (2.76 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, കിറ്റെക്‌സ്, സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 20 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.