ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ നേട്ടത്തോടെ വാരാദ്യം

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 20 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-05-17 11:59 GMT

ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 848.18 പോയ്ന്റ് ഉയര്‍ന്ന് 49580.73 പോയ്ന്റിലും നിഫ്റ്റി 245.40 പോയ്ന്റ് ഉയര്‍ന്ന് 14923.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 2047 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1024 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 215 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യുപിഎല്‍ തുടങ്ങിയവ മികച്ച പ്രകടനം നടത്തിയപ്പോള്‍ സിപ്ല, ഭാരതി എയര്‍ടെല്‍, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, നെസ്ലെ ഇന്ത്യ തുടങ്ങിയവയ്ക്ക് കാലടറി.
നിഫ്റ്റി എനര്‍ജി, ബാങ്ക്, ഓട്ടോ, മെറ്റല്‍, പിഎസ്‌യു ബാങ്ക് സൂചികകള്‍ 1-4 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 1.6 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 19.84 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.88 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.54 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.90 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.35 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.89 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (2.64 ശതമാനം) തുടങ്ങി 20 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും ഫെഡറല്‍ ബാങ്കിന്റെയും മികച്ച ത്രൈമാസ ഫലം പുറത്തു വന്നത് ഈ രണ്ട് ഓഹരികള്‍ക്ക് തുണയായി.
അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. കെഎസ്ഇ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Tags:    

Similar News