സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കം, സെന്‍സെക്‌സ് 708 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്
പുതു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം ആഘോഷിച്ച് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 708 പോയ്ന്റ് അഥവാ 1.21 ശതമാനം ഉയര്‍ന്ന് 59,276 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 206 പോയിന്റ് അഥവാ 1.2 ശതമാനം ഉയര്‍ന്ന് 17,670 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കം മുതല്‍ പച്ചയില്‍ നീങ്ങിയ സൂചികകള്‍ വ്യാപാരാന്ത്യത്തില്‍ കുതിച്ചു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 1.7 ശതമാനവും ഉയര്‍ന്നതോടെ വിശാല വിപണി സൂചികകളും ലാര്‍ജ് ക്യാപ്സിനൊപ്പം മുന്നേറി. എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, വിപ്രോ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി എന്നിവയാണ് സെന്‍സെക്സ് സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 6 ശതമാനം വരെ ഉയര്‍ന്നു. ടെക് എം, ഡോ. റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ, ടൈറ്റന്‍ എന്നിവ 0.6 ശതമാനം വരെ ഇടിവിലേക്ക് വീണു.
യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ കുതിച്ചതോടെ പിഎസ്യു ബാങ്ക് സൂചിക 4 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി, എഫ്എംസിജി സൂചികകള്‍ 1.5-2 ശതമാനം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
വിപണി മുന്നേറിയപ്പോള്‍ കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത് (1.70 ശതമാനം). മറ്റ് കേരള കമ്പനികളെല്ലാം തന്നെ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (5.99 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (3.32 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.09 ശതമാനം), ഫെഡറല്‍ ബാങ്ക് (4.21 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.48 ശതമാനം), ഹാരിസണ്‍സ് മലയാളം (3.86 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (5.28 ശതമാനം), കേരള ആയുര്‍വേദ (3.65 ശതമാനം), മണപ്പുറം ഫിനാന്‍സ് (6.25 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.61 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.85 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.89 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.