റിയാല്‍റ്റി, ഐറ്റി, ഓട്ടോ ഓഹരികളില്‍ നിക്ഷേപ താല്‍പ്പര്യം ഉണര്‍ന്നതും വിദേശ വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് മുന്നോട്ട് നയിച്ചു. പുതിയ വാരത്തില്‍ നേട്ടത്തോടെയാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 364 പോയ്ന്റ് ഉയര്‍ന്ന് 52,951ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 122 പോയ്ന്റ് നേട്ടത്തില്‍ 15,885ലും ക്ലോസ് ചെയ്തു.
വിശാല വിപണിയും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലും എത്തിയിരുന്നു. ഒരു ശതമാനം നേട്ടത്തിലാണ് ഇരു സൂചികകളും ഇന്ന് ക്ലോസ് ചെയ്തത്. ഇന്ന് ഏതാണ്ടെല്ലാ സെക്ടര്‍ സൂചികകളും ഗ്രീന്‍ സോണിലായിരുന്നു.
ജൂലൈയില്‍ ഓട്ടോമൊബീല്‍ വില്‍പ്പനയില്‍ വന്ന ഉണര്‍വും പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനില്‍ കാണുന്ന വര്‍ധനയുമാണ് ഓട്ടോ, റിയാല്‍റ്റി ഓഹരികളെ സ്വാധീനിച്ചിരിക്കുന്നത്.
ഓട്ടോമൊബീല്‍ സെക്ടറിലെ കമ്പനിയായ അപ്പോളോ ടയേഴ്‌സ് ഓഹരി വില ഇന്ന് 2.21 ശതമാനം ഉയര്‍ന്നു. ഇന്ന് ആദ്യപാദ ഫലം പുറത്തുവിട്ട ജിയോജിത്തിന്റെ ഓഹരി വിലയില്‍ ആറര ശതമാനത്തോളം വര്‍ധനയുണ്ടായി. ഇന്‍ഡിട്രേഡ് ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു.
ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ കേരള കമ്പനി നിറ്റ ജലാറ്റിനാണ്. പത്തുശതമാനത്തിലേറെ വില കൂടി. റബ്ഫിലയുടെ ഓഹരി വിലയും ഇന്ന് ആറുശതമാനത്തിലേറെ ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് വില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് 185 രൂപയിലെത്തി.
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വില ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine