ചാഞ്ചാട്ടത്തിനൊടുവില്‍ കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി

എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2021-08-05 17:58 IST

ഓഹരി സൂചികകള്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഏറെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷമാണ് വിപണി പുതിയ ഉയരത്തിലെത്തിയത്. സെന്‍സെക്‌സ് 123.07 പോയ്ന്റ് ഉയര്‍ന്ന് 54492.84 പോയ്ന്റിലും നിഫ്റ്റി 35.80 പോയ്ന്റ് ഉയര്‍ന്ന് 16294.60 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1036 ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ 1933 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 101 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഐറ്റിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
പിഎസ്‌യു ബാങ്ക് സൂചികയില്‍ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മെറ്റല്‍ സൂചികയില്‍ ഒരു ശതമാനവും ഐറ്റി സൂചികയില്‍ 0.7 ശതമാനവും ഉയര്‍ച്ച ഉണ്ടായി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ സ്‌മോള്‍കാപ് സൂചിക 0.4 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്നും നേട്ടമുണ്ടാക്കാനായില്ല. എട്ടു കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 4.99 ശതമാനം നേട്ടവുമായി മുന്നേറ്റം തുടരുന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.60 ശതമാനം), ഹാരിസണ്‍സ് മലയാളം(1.23 ശതമാനം), കെഎസ്ഇ (1.10 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, നിറ്റ ജലാറ്റിന്‍, കിറ്റെക്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 21 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 




Tags:    

Similar News