വിപണിയില്‍ സാന്താറാലി വരുമോ? ഇന്നും സെന്‍സെക്‌സ് നേട്ടത്തില്‍

തുടര്‍ച്ചയായി മൂന്നാം ദിവസത്തില്‍ നേട്ടത്തോടെ സെന്‍സെക്‌സ് ക്ലോസ് ചെയ്തു

Update: 2021-12-23 12:06 GMT

ഒമിക്രോണ്‍ ഭീതിയെ മറികടന്ന് വര്‍ഷാവസാനത്തില്‍ ഓഹരി വിപണി മറ്റൊരു റാലിക്ക് സാക്ഷ്യം വഹിക്കുമോ? നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തതോടെ വിപണിയില്‍ സാന്താറാലി വരുമെന്ന പ്രതീക്ഷയ്ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്.

ഇടയ്ക്ക് ലാഭമെടുക്കലില്‍ അല്‍പ്പം ഉലഞ്ഞെങ്കിലും സൂചികകള്‍ ഇന്ന് മുന്നോട്ട് തന്നെയാണ് നീങ്ങിയത്. വ്യാപാര അന്ത്യത്തില്‍ സെന്‍സെക്‌സ് 384 പോയ്ന്റ് ഉയര്‍ന്ന് 57,315 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 118 പോയ്ന്റ് ഉയര്‍ന്ന് 17,073ലും ക്ലോസ് ചെയ്തു.
കുതിച്ചുയര്‍ന്ന് മെഡ്പ്ലസ്
ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇഷ്യു പ്രൈസിനേക്കാള്‍ 27.5 ശതമാനം പ്രീമിയത്തില്‍ 1,015 ട്രേഡിംഗ് ആരംഭിച്ച ഓഹരി, ആദ്യദിനത്തില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 40.5 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. മെഡ്പ്ലസിന്റെ ഇഷ്യു പ്രൈസ് 796 രൂപയായിരുന്നു.

വിശാല വിപണിയും ഇന്ന് മികച്ച നേട്ടം കൈവരിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനം നേട്ടം കൊയ്തപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
വെറും ആറ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ഫാക്ടിന്റെ ഓഹരി വില ഇന്ന് ഏഴര ശതമാനത്തോളം കൂടി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെ കേരളം ആസ്ഥാനമായുള്ള മറ്റ് മൂന്ന് ബാങ്കുകളുടെയും, സി എസ് ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു.




 


Tags:    

Similar News