ഇടിവിലേക്ക് വീണ് വിപണി, സെന്‍സെക്‌സ് 100 പോയ്ന്റ് താഴ്ന്നു
11 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
ഇന്നലത്തെ നേട്ടവുമായി വ്യാപാരം തുടങ്ങിയ വിപണി പച്ചയില്‍ മുന്നേറിയെങ്കിലും വ്യാപാരാന്ത്യത്തില്‍ ഇടിവിലേക്ക് വീണു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 631 പോയ്ന്റ് ഉയര്‍ന്നതിന് പിന്നാലെ വ്യാപാരാന്ത്യത്തില്‍ 100 പോയ്ന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 53,134 പോയ്ന്റിലെത്തി. നിഫ്റ്റി 50 സൂചിക 0.15 ശതമാനം ഇടിഞ്ഞ് 15,811 ലും ക്ലോസ് ചെയ്തു.
പവര്‍ഗ്രിഡ്, ശ്രീ സിമന്റ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സെര്‍വ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്യുഎല്‍ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐടിസി, വിപ്രോ, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, എം ആന്‍ഡ് എം എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മേഖലാ സൂചിക. സൂചിക 0.3 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഐടി സൂചിക 0.7 ശതമാനം ഇടിഞ്ഞു.
വിശാല വിപണികളില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം ഇടിഞ്ഞു. എന്നാല്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.2 ശതമാനം ഉയര്‍ന്നു. ഇന്ന് ബിഎസ്ഇയില്‍ 1,700-ലധികം ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,570 ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
വിപണി വ്യാപാരാന്ത്യത്തില്‍ ഇടിവിലേക്ക് വീണപ്പോള്‍ 11 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.07 ശതമാനം), കിറ്റെക്‌സ് (1.08 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.15 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.13 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.68 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.92 ശതമാനം), ആസ്റ്റര്‍ ഡി എം (1.15 ശതമാനം) എന്നിവ 1-4 ശതമാനം വരെ ഉയര്‍ന്നു. അതേസമയം അപ്പോളോ ടയേഴ്‌സ്, എവിറ്റി, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.