ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ വിപണി മുന്നേറി

കിറ്റെക്‌സ്, എവിറ്റി അടക്കം 17 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-07-13 11:54 GMT

ഏഷ്യന്‍ വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയും മുന്നേറി. സെന്‍സെക്‌സ് 397.04 പോയ്ന്റ് ഉയര്‍ന്ന് 52769.73 പോയ്ന്റിലും നിഫ്റ്റി 119.75 പോയ്ന്റ് ഉയര്‍ന്ന് 15812.35 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനീസ് ഇക്കണോമിക് ഡാറ്റ പ്രതീക്ഷിച്ചതിലും മികച്ചു നിന്നത് ഏഷ്യന്‍ വിപണിക്ക് നേട്ടമായപ്പോള്‍ അനുകൂലമായ സാമ്പത്തിക ഫലങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് തുണയായി. ഉപഭോക്തൃ വില സൂചിക (സിപിഐ) ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും കഴിഞ്ഞ മാസത്തെ 6.30 ശതമാനത്തില്‍ നിന്ന് 6.26 ശതമാനമായി കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനത്തിലും 29.3 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതും വിപണിയില്‍ പ്രതിഫലിച്ചു.
1856 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1357 ഓഹരികളുടെ വിലയിടിഞ്ഞു. 142 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, എന്‍ടിപിസി, മഹീന്ദ്ര & മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് കാലിടറി.
ഐറ്റി, ടെക്, എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ സൂചികകളും മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 17 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. കിറ്റെക്‌സ് 9.99 ശതമാനം നേട്ടവുമായി ഇന്നും പട്ടികയില്‍ മുന്നിലുണ്ട്. എവിറ്റി (9.46 ശതമാനം), കേരള ആയുര്‍വേദ (6.55 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.62 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.59 ശതമാനം), എഫ്എസിടി (3.09 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.55 ശതമാനം), സിഎസ്ബി ബാങ്ക് (1.23 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം നിറ്റ ജലാറ്റിന്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് , ഹാരിസണ്‍സ് മലയാളം, ധനലക്ഷ്മി ബാങ്ക്, കെഎസ്ഇ തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.






 


 


Tags:    

Similar News