വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു, വിപണിയില്‍ നേരിയ ഇടിവ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു
നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു ഓഹരി വിപണി. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ സൂചിക ഹെവിവെയ്റ്റുകളുടെ വില്‍പ്പനയില്‍ വിപണികള്‍ സെഷന്റെ അവസാന ഘട്ടത്തില്‍ കുത്തനെ താഴ്ന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 38 പോയ്ന്റ് അല്ലെങ്കില്‍ 0.07 ശതമാനം ഇടിഞ്ഞ് 54,289 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 54,931 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 50 സൂചിക 51.5 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 16,215 ല്‍ ക്ലോസ് ചെയ്തു. ഒരുഘട്ടത്തില്‍ സൂചിക 16,415 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി.
സ്റ്റീല്‍ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറച്ചതിന് പിന്നാലെ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നിവ യഥാക്രമം 13 ശതമാനവും 12 ശതമാനവും ഇടിഞ്ഞു. മിക്കവാറും എല്ലാ പ്രധാന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും (സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉള്‍പ്പെടെ) സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്.
ദിവിസ് ലാബ്സ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, അള്‍ട്രാടെക് സിമന്റ്, ഐടിസി, അദാനി പോര്‍ട്ട്സ്, യുപിഎല്‍, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 1-10 ശതമാനം ഇടിവ് നേരിട്ടു. മാരുതി സുസുകി, എം ആന്‍ഡ് എം, എച്ച്യുഎല്‍, എല്‍ ആന്‍ഡ് ടി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഏഷ്യന്‍ പെയ്ന്റ്സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ 1.5 ശതമാനം മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.16 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.64 ശതമാനം ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 8 ശതമാനത്തിലധികം തകര്‍ന്നപ്പോള്‍ നിഫ്റ്റി ഓട്ടോ 2 ശതമാനം കൂട്ടിച്ചേര്‍ത്തു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ ഇടിവിന് സാക്ഷ്യം വഹിച്ചപ്പോള്‍ 11 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ് (1 ശതമാനം), എഫ്എസിടി (2.03 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.026 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റി, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.