ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം, നേരിയ ഇടിവോടെ സൂചികകള്‍
കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
തുടര്‍ച്ചയായി ഏഴു സെഷനുകളില്‍ മുന്നേറ്റം നടത്തിയ ഓഹരി സൂചികകളില്‍ ഇന്ന് നേരിയ ഇടിവ്. സെന്‍സെക്‌സ് 49.54 പോയ്ന്റ് ഇടിഞ്ഞ് 61716.05 പോയ്ന്റിലും നിഫ്റ്റി 58.20 പോയ്ന്റ് താഴ്ന്ന് 18418.80 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഏഴു ദിവസത്തിനിടയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് താഴ്ന്നു തുടങ്ങിയത്.
959 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2321 ഓഹരികളുടെ വിലിയിടിഞ്ഞു. 122 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ടെക് മഹീന്ദ്ര, എല്‍ & ടി, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐറ്റിസി, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച് യു എല്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി, കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികളിലും ഒരു ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ (2.29 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.37 ശതമാനം), കെഎസ്ഇ (0.28 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം തുടങ്ങി 26 കമ്പനികളുടെയും ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായി.