ലാഭമെടുപ്പില്‍ ക്ഷീണിച്ച് വിപണി സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു
ആസ്റ്റര്‍ ഡിഎം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ തുടങ്ങി 15 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ജിഡിപി വളര്‍ച്ച സംബന്ധിച്ച അനുകൂലമായ ഡാറ്റകള്‍ പുറത്തു വന്നതോടെ വിപണിയില്‍ മുന്നേറ്റം പ്രകടമായെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ സൂചികകള്‍ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്.
സെന്‍സെക്‌സ് 214.18 പോയ്ന്റ് ഇടിഞ്ഞ് 57338.21 പോയ്ന്റിലും നിഫ്റ്റി 55.90 പോയ്ന്റ് ഇടിഞ്ഞ് 17076.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1461 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1637 ഓഹരികളുടെ വില ഇടിഞ്ഞു. 150 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ആക്‌സിസ് ബാങ്ക്, നെസ്ലെ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്ര & മഹീന്ദ്ര, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍, ഐറ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഇടിഞ്ഞപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, പവര്‍, റിയല്‍റ്റി സൂചികകള്‍ 1-5 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. ആസ്റ്റര്‍ ഡി എം (5.87 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.49 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.46 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.31 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.04 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.70 ശതമാനം) തുടങ്ങി 15 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കല്യാണ്‍ ജൂവലേഴ്‌സ്, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കെഎസ്ഇ തുടങ്ങി 14 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.