വിപണിയില്‍ ആശ്വാസറാലി, സെന്‍സെക്‌സ് സൂചിക 326 പോയ്ന്റ് ഉയര്‍ന്നു

21 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-07-04 16:49 IST

മൂന്ന് ദിവസത്തെ ഇടിവുകള്‍ക്കുശേഷം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നഷ്ടത്തോടെ വ്യാപാരത്തിന് തുടക്കമിട്ടെങ്കിലും പിന്നീട് സൂചികകള്‍ പച്ചയിലേക്ക് നീങ്ങുകയായിരുന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 327 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 53,235 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 83 പോയ്ന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 15,835ലുമെത്തി. എഫ്എംസിജി, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് സൂചികകളെ ഉണര്‍വിലേക്ക് നയിച്ചത്.

ഓഹരികളില്‍ എച്ച്യുഎല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവ 2-4 ശതമാനത്തോളം ഉയര്‍ന്നു. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല എന്നിവയുടെ ഓഹരി വിലയില്‍ 4 ശതമാനം വരെ ഇടിവുണ്ടായി. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.8 ശതമാനവും 0.6 ശതമാനവും നേട്ടമുണ്ടാക്കി. മേഖലകളില്‍, നിഫ്റ്റി എഫ്എംസിജി 2.6 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മെറ്റല്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ഐടിസി ഇന്ന് 2.51 ശതമാനം മുന്നേറിയതോടെ ഓഹരി വില 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നനിലയായ 291.50 രൂപയിലെത്തി. അഞ്ച് ദിവസത്തിനിടെ 7.68 ശതമാനത്തിന്റെ വര്‍ധനവാണ് ഐടിസിയുടെ ഓഹരിയിലുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
വിപണി ആശ്വാസറാലിക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ 21 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 5.19 ശതമാനം കയറി. എഫ്എസിടി (3.01 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.00 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.87 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.41 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.12 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, നിറ്റ ജലാറ്റിന്‍ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News