കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ 10% ഉയര്‍ന്നു; കാരണമിതാണ്
ഇക്കഴിഞ്ഞ മാസം വളരെ മോശം പ്രകടനമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരുവര്‍ഷം 50 ശതമാനം നേട്ടമാണ് കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ നല്‍കിയത്.
കഴിഞ്ഞ മാസം മോശം പ്രകടനം കാഴ്ചവച്ചെങ്കിലും കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ ഇന്ന് ഉണര്‍വ് വീണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ 10 ശതമാനമാണ് കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ ഉയര്‍ന്നത്. കമ്പനി തെലങ്കാന സര്‍ക്കാരിന് സമര്‍പ്പിച്ച നിക്ഷേപ കരാര്‍ അഗീകരിച്ചതായുള്ള കമ്പനിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓഹരിവിപണിയിലും ഉണര്‍വ് പ്രകടമായത്.
'വിപുലീകരണ പദ്ധതിക്കായി തെലങ്കാന സര്‍ക്കാരിന് കിറ്റെക്‌സ് ഗാര്‍മന്റ്‌സ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചതായി കമ്പനി നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും,' ബിഎസ്ഇ ഫയലിംഗില്‍ കമ്പനി പറഞ്ഞു.
അറിയിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന്, കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന് വ്യാഴാഴ്ച രാവിലെ 164.10 രൂപയായി.
ബിഎസ്ഇ സെന്‍സെക്‌സ് രാവിലെ 57,455.50, 117.29 പോയിന്റ് അഥവാ 0.2 ശതമാനം ഉണര്‍വിലാണ് വ്യാപാരം നടന്നത്. കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ ഇന്നലെ 149.25 രൂപയ്ക്കായിരുന്നു വ്യാപാരം നടത്തിയത്്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ഓഹരികള്‍ 50 ശതമാനത്തിലധികം ഉയര്‍ന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒരു മാസത്തില്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ച ഓഹരി നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയത്.
നിരന്തരമായ പരിശോധനകളെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി കിറ്റെക്‌സ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞയാഴ്ചയാണ് കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്റ്ററിയില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി പരിശോധന നടത്തിയത്.
ഗുരുതര ലംഘനങ്ങളെന്തെങ്കിലും ചൂണ്ടിക്കാട്ടിയുള്ള നോട്ടിസ് പോലും നല്‍കിയിട്ടില്ലെന്ന് കിറ്റെക്‌സ് അധികൃതര്‍ അറിയിച്ചിരുന്നു. അടുത്തിടെ 13-ാം തവണയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്.