ഓഹരി വിപണി താഴ്ന്നിട്ടും, കിറ്റെക്‌സ് മുന്നേറുന്നു
കഴിഞ്ഞദിവസങ്ങളിലുണ്ടായ കിതപ്പിന് ശേഷമാണ് ഇന്ന് കിറ്റെക്‌സ് ഓഹരി വില വീണ്ടും ഉയരാന്‍ തുടങ്ങിയത്
കഴിഞ്ഞദിവസങ്ങളിലെ കിതപ്പിനൊടുവില്‍ ഇന്ന് വീണ്ടും കിറ്റെക്‌സ് ഓഹരി വില ഉയരുന്നു. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് സൂചിക തിരുത്തലിലേക്ക് വീഴുമ്പോഴും കിറ്റെക്‌സിന്റെ ഓഹരി വില ഉയരുകയാണ്. ഇന്ന് (12 മണി വരെ) 4.9 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. 178.75 ന് ഓപ്പണ്‍ ചെയ്ത വില 183.70 രൂപയിലാണ് എത്തിനില്‍ക്കുന്നത്. 8.70 രൂപയുടെ വര്‍ധന.
നേരത്തെ ഒരു ഘട്ടത്തില്‍ 223 വരെ എത്തിയ ഓഹരി വില തുടര്‍ച്ചയായ രണ്ട് ദിവസത്തെ തിരുത്തലിലാണ് 178.75 രൂപയിലെത്തിയത്. നിക്ഷേപകര്‍ വലിയ തോതില്‍ ലാഭമെടുത്തതായിരുന്നു ഓഹരിവില കുറയാന്‍ കാരണമാക്കിയത്. കൂടാതെ, കഴിഞ്ഞ ആഴ്ചയുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ബിഎസ്ഇയുടെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കമ്പനിയോട് വിശദീകരണം ചോദിച്ചതും ഓഹരി വില ഇടിയാന്‍ കാരണമായി.
കിറ്റെക്‌സും സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദവും കിറ്റെക്‌സിന്റെ തെലങ്കാനയിലെ നിക്ഷേപ പ്രഖ്യാപനവുമാണ് കിറ്റെക്‌സിന്റെ ഓഹരി വിലയെ സ്വാധീനിച്ചത്. സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തിനൊടുവില്‍ തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ജുലൈ എട്ടിന് 117 രൂപയുണ്ടായിരുന്ന ഓഹരി വില കുതിപ്പിനൊടുവില്‍ ഇരുന്നൂറും കടന്ന് ഒരുഘട്ടത്തില്‍ 223 തൊട്ടു. പിന്നാലെയാണ് കിറ്റെക്‌സിന്റെ ഓഹരിവിലയില്‍ ഇടിവുണ്ടായത്. അതേസമയം, സെന്‍സെക്‌സ് സൂചിക വലിയ തിരുത്തലിലേക്ക് വീണിട്ടും കിറ്റെക്‌സ് ഓഹരി വില ഉയരുന്നത് നിക്ഷേപകര്‍ക്ക് പ്രതീക്ഷയാണ്.