ഓഹരി വിപണിയിൽ താഴ്ച തുടരുന്നു; രൂപയിലും ആശങ്ക; ലോഹങ്ങളും ക്രൂഡും ഇടിയുന്നു; റിലയൻസ് ഇടിയുന്നതിനു പിന്നിൽ

ഇന്ത്യൻ വിപണിയിൽ ആശങ്ക കൂടുന്നു; ലോഹങ്ങളുടെ വില എങ്ങോട്ട്?; വിദേശത്തെ താഴ്ചയുടെ ആനുകൂല്യം സ്വർണ വിലയിൽ ഉണ്ടാകില്ല കാരണം ഇതാണ്

Update:2022-05-10 08:01 IST

ഓഹരി വിപണികൾ താഴോട്ടു നീങ്ങുകയാണ്. ഇനിയും താഴുമെന്ന സൂചനയും ആഗോള വിപണികൾ നൽകുന്നു. രൂപയുടെ കനത്ത ഇടിവു കൂടി ആയതാേടെ ഇന്ത്യൻ വിപണിയിൽ ആശങ്ക കൂടി.

രൂപയെ താങ്ങി നിർത്താനും പലിശനിരക്ക് അധികം വർധിക്കാതിരിക്കാനും ഉള്ള നടപടികൾക്കു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ശ്രമിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും വിപണിയിൽ അതിൻ്റെ ചലനങ്ങൾ കാണാനില്ല.

ഇന്നലെ വലിയ താഴ്ചയിൽ നിന്നു ഗണ്യമായി ഉയർന്ന ഇന്ത്യൻ വിപണിയിൽ മുഖ്യസൂചികകൾ 0.67 ശതമാനം താഴ്ചയിലാണു ക്ലാേസ് ചെയ്തത്. പിന്നീടു യൂറോപ്യൻ സൂചികകൾ രണ്ടു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു. യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക രണ്ടു ശതമാനവും നാസ്ഡാക് 4.3 ശതമാനവും ഇടിഞ്ഞു. അവിടെ പ്രധാന സൂചികകൾ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി.

ഇന്നു രാവിലെ ജപ്പാനിലെ നിക്കൈ സൂചിക ഒന്നര ശതമാനത്തിലധികം താണു. ഹോങ്കോംഗിലെ ഹാംഗ് സെങ് സൂചിക നാലു ശതമാനത്തോളം ഇടിഞ്ഞു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,195 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,086 ലേക്കു താഴ്ന്നിട്ട് 16,150 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു തുടങ്ങുമെന്നാണ് ഇതിലെ സൂചന.

തിങ്കളാഴ്ച 53,918- നും 54,795 നുമിടയിൽ ചാഞ്ചാടിയ ശേഷമാണ് സെൻസെക്സ് 54,470.67 ൽ ക്ലോസ് ചെയ്തത്. നഷ്ടം 364.91 പോയിൻ്റ്. നിഫ്റ്റി 16,142 നും 16,403 നുമിടയിൽ ഇറങ്ങിക്കയറിയിട്ട് 109.4 പോയിൻ്റ് നഷ്ടത്തോടെ 16,301.85-ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.78 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾ ക്യാപ് സൂചികയിലെ തകർച്ച 2.12 ശതമാനമായിരുന്നു. ഐടി സൂചിക 0.05 ശതമാനം ഉയർന്നത് കഴിച്ചാൽ എല്ലാ വ്യവസായ വിഭാഗങ്ങളും ഇടിവിലായിരുന്നു.

നല്ല റിസൽട്ട് പ്രഖ്യാപിക്കുകയും ബ്രോക്കറേജുകൾ ഓഹരി വില 3000-നു മുകളിലാകുമെന്നു പറയുകയും ചെയ്തിട്ടും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്നലെ 4.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ചകൊണ്ടു പത്തു ശതമാനം തകർച്ചയാണ് ഓഹരിക്കുണ്ടായത്. വിദേശ ഫണ്ടുകൾ അടക്കം വലിയ നിക്ഷേപകർ റിലയൻസ് ഓഹരി വിൽക്കുന്നുണ്ട്.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 3361.8 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 3077.24 കോടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം ഇതു വരെ വിദേശികളുടെ വിൽപന 16,095 കോടി രൂപ കവിഞ്ഞു. വിൽപന വരും ദിവസങ്ങളിലും തുടരും എന്നാണു സൂചന.

വിപണി കരടി വലയത്തിൽ നിന്നു മാറിയിട്ടില്ല. ഇന്നു നിഫ്റ്റിക്ക് 16,200-നു മുകളിൽ ക്ലോസ് ചെയ്യാനായാൽ 16,450-16,650 മേഖലയിലേക്കു പുൾ ബായ്ക്ക് റാലി നടത്താനാകും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നും താഴോട്ടാണു നീക്കമെങ്കിൽ 15,700 വരെയുള്ള ഒരു പ്രയാണം പ്രതീക്ഷിക്കാം. താഴ്ചയിൽ വാങ്ങുന്നതിനു പകരം ഉയർച്ചയിൽ വിൽക്കാനാണു ഫണ്ടുകളും വലിയ നിക്ഷേപകരും ശ്രമിക്കുന്നത്. അതാണു വിപണിയുടെ തിരിച്ചു കയറ്റത്തിനു തടസമായി മാറുന്നത്. നിഫ്റ്റിക്ക് 16,160- ലും 16,020 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 16,425 ലും 16,545 ലും തടസങ്ങൾ നേരിടും.

ക്രൂഡ് ഓയിൽ വില താഴാേട്ടു നീങ്ങി. ജൂണിലേക്കുള്ള കയറ്റുമതിക്കു സൗദി അറേബ്യ വില കുറച്ചതും റഷ്യൻ എണ്ണ ടാങ്കറുകൾക്കു യൂറോപ്യൻ യൂണിയൻ ഉടനേ വിലക്ക് ഏർപ്പെടുത്തില്ല എന്നതുമാണു വില താഴാൻ കാരണം. ബ്രെൻ്റ് ഇനം ഇന്നലെ ആറു ശതമാനം ഇടിഞ്ഞ് 105.9 ഡോളറിൽ എത്തി. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 105.2 ഡോളർ ആയി. ഇനിയും താഴുമെന്നാണു നിഗമനം.

ലോഹങ്ങൾ ഇടിവിൽ

വ്യാവസായിക ലോഹങ്ങൾ താഴോട്ടു നീങ്ങുകയാണ്. ചൈനയിലെ ലോക്ക് ഡൗൺ മൂലം ആവശ്യം കുറഞ്ഞതും അമേരിക്കൻ ഓർഡറുകൾ കുറയുമെന്ന ആശങ്കയുമാണു കാരണം. ചെമ്പ് 2.84 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9160 ഡോളറിൽ എത്തി. അലൂമിനിയം 3.11 ശതമാനം താഴ്ന്ന് 2753 ഡോളറായി.

ലെഡ്, നിക്കൽ, സിങ്ക്, ടിൻ എന്നിവ നാലര മുതൽ ആറര വരെ ശതമാനം താഴ്ന്നു. ഇരുമ്പയിര് മൂന്നു ശതമാനത്തോളം താണു. ഇന്ത്യയിലെ മെറ്റൽ കമ്പനികൾക്കു വീണ്ടും ഇടിവു നേരിടും. അടുത്ത മാർച്ചോടെ സ്റ്റീൽ വില കഴിഞ്ഞ മാസത്തെ 76,000 രൂപയിൽ നിന്ന് 60,000 ആയി കുറയുമെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ വിലയിരുത്തി.

ഡോളറിനു കരുത്തു കൂടുന്നതോടെ സ്വർണം ഇടിവിലാണ്. ഇന്നലെ 1876 - ൽ നിന്ന് 1845 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1856-1858 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവന് 38,000 രൂപയിലേക്ക് വില കൂടിയിരുന്നു. രൂപയുടെ ഇടിവ് തുടർന്നാൽ വിദേശത്തെ താഴ്ചയുടെ ആനുകൂല്യം സ്വർണ വിലയിൽ ഉണ്ടാകില്ല.

77 കടന്നു ഡോളർ

ഡോളർ ഇന്നലെ ആദ്യമായി 77 ഡോളറിനു മുകളിൽ കയറി. വിദേശ നിക്ഷേപകർ ഓഹരികളും സർക്കാർ കടപ്പത്രങ്ങളും വിറ്റ് പണം മടക്കിക്കൊണ്ടുപോകുകയാണ്. കടപ്പത്ര വിപണിയിൽ കഴിഞ്ഞ മാസം വിദേശികൾ 69.7 കോടി ഡോളറിൻ്റെ വിൽപന നടത്തി.

2022 ൽ ഇതുവരെ 118 കോടി ഡോളർ അവർ കടപ്പത്ര വിപണിയിൽ നിന്നു പിൻവലിച്ചു. ഓഹരി വിപണിയിൽ നിന്ന് ഇതിൻ്റെ ഇരട്ടിയിലേറെ തുകയാണു പിൻവലിച്ചത്.

ഇങ്ങനെ വിദേശനാണ്യം പുറത്തേക്കു പോകുന്നതിന് ആനുപാതികമായി ഇങ്ങോട്ടു പണം വരുന്നില്ല. ഇറക്കുമതിച്ചെലവ് കൂടിയതിനാൽ വാണിജ്യ കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിച്ചു. രൂപയെ താങ്ങി നിർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുമെന്നു ഗവണ്മെൻ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.

എന്നാൽ പ്രതിദിന ഇടിവ് പരിധി വിടാതെ നോക്കുന്നതിനപ്പുറം റിസർവ് ബാങ്ക് ഇടപെട്ടു കാണുന്നില്ല. സ്വർണമടക്കം 59,773 കോടി ഡോളറിൻ്റെ വിദേശനാണ്യശേഖരം ഉണ്ടെന്നതാണു റിസർവ് ബാങ്കിനു കരുത്തു പകരുന്നത്. ഇന്നലെ 77.52 രൂപ വരെ ഉയർന്ന ഡോളർ 77.44 രൂപയിൽ ക്ലാേസ് ചെയ്തു.

ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികളുടെ വ്യാപാരത്തിന് 28 ശതമാനം ജി എസ് ടി ചുമത്തുമെന്ന മാധ്യമ റിപ്പോർട്ടുകൾ അവയുടെ വില ഇടിച്ചു.

ബിറ്റ് കോയിൻ 31,000 ഡോളറിനടുത്തായി. റിപ്പോർട്ടുകൾ നിഷേധിക്കാൻ സർക്കാർ തയാറായിട്ടില്ല. ബിറ്റ് കോയിൻ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തിയതു തന്നെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉള്ളപ്പാേഴാണ് അധിക നികുതിക്കുള്ള നീക്കം.

മാന്ദ്യത്തിൻ്റെ അനന്തരഫലം

ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും അവയെ നേരിടാൻ പലിശ വർധിപ്പിക്കുന്നതും വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതും ഒക്കെ ചേർന്ന് വിൽപനമാന്ദ്യം ഉണ്ടാക്കുന്നു. അതു വ്യാപാര മാന്ദ്യവും സാമ്പത്തിക മാന്ദ്യവും ആകാനുള്ള പുറപ്പാടിലാണ്.

അതിൻ്റെ ആശങ്കകളാണു വിപണികളെ വലിച്ചു താഴ്ത്തുന്നത്. ഓഹരികൾ മാത്രമല്ല ക്രൂഡ് ഓയിൽ, വ്യാവസായിക ലോഹങ്ങൾ, സ്വർണം തുടങ്ങിയവയും താഴോട്ടു പതിക്കുകയാണ്.

എന്നാൽ കോവിഡും യുക്രെയ്നിലെ റഷ്യൻ ആക്രമണവും ഉണ്ടാക്കിയ ചരക്കുനീക്ക തടസങ്ങളും ഉൽപന്നലഭ്യതാ പ്രശ്നങ്ങളും നീങ്ങിയാലും ഉൽപന്നവിലകൾ പഴയ നിലവാരത്തിലേക്ക് ഇടിയണമെന്നില്ല. കാരണം പഴയതുപോലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉൽപാദനം സാധിക്കുന്ന സ്ഥലം തേടി വ്യവസായങ്ങൾ പോകില്ല.

ലോകത്തിൽ വീണ്ടും ആരംഭിച്ച ചേരിപ്പോര് മൂലധന നിക്ഷേപത്തിന് സ്വന്തം ചേരിയിലുള്ള സ്ഥലം വേണമെന്ന അവസ്ഥ ഉണ്ടാക്കും. ചൈനീസ് ഘടകപദാർഥങ്ങൾ, ധാതുക്കൾ, രാസവസ്തുക്കൾ, റഷ്യൻ ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, അപൂർവ ലോഹങ്ങൾ തുടങ്ങിയവ നിരോധിക്കപ്പെടാം. അപ്പോൾ ഉൽപന്ന വിലകൾ കയറാതെ തരമില്ല.

പണത്തിൻ്റെ വില (പലിശനിരക്ക്) കൂടുന്നതോടെ മൂലധന നിക്ഷേപം കുറയുകയും ചെയ്യും. അതായത് മാന്ദ്യ ഭീതിയിൽ ഇപ്പോൾ താഴുന്ന ഉൽപന്ന വിലകൾ വീണ്ടും കയറാം. ആ വിലക്കയറ്റം കമ്പനികളുടെ ലാഭവർധനവിലേക്കു നയിക്കുന്നതല്ലാത്തതു കൊണ്ട് ഓഹരി വിലകൾ മെച്ചപ്പെടണമെന്നില്ല.

മുന്നറിയിപ്പുകളെ പുച്ഛിച്ചു

ഇങ്ങനെയൊക്കെ തകർച്ച ഉണ്ടാകാം എന്നു പറയുമ്പോൾ പുച്ഛമായിരുന്നു പല വിദഗ്ധർക്കും, ഏതാനും മാസങ്ങൾ മുമ്പു വരെ. ഓഹരിവിലകൾ വേണ്ടതിലധികം ഉയർന്നു, ഇത്ര കൂടിയ പി ഇ അനുപാതം ന്യായീകരിക്കാനാവില്ല എന്നൊക്കെ ചൂണ്ടിക്കാട്ടിയവരെ എല്ലാവരും നിരാകരിച്ചു.

വിപണി പുതിയ ഉയർന്ന തലത്തിൽ എത്തി. കഴിഞ്ഞ വർഷത്തെയോ നടപ്പുവർഷത്തെയോ വരും വർഷത്തെയോ പ്രതി ഓഹരി വരുമാനം (ഇ പി എസ്) അല്ല രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞുള്ള ഇ പി എസ് ആണു നോക്കേണ്ടത് എന്നെല്ലാം പുതിയ വ്യാഖ്യാനങ്ങൾ നിരത്തി. ഇപ്പോൾ അവർ പറയുന്നു ഓഹരി വിലകൾ ഇനിയും താഴണമെന്ന്. ഇപ്പോഴത്തെ പി ഇ അനുപാതം താങ്ങാവുന്നതല്ലെന്ന്. പരമ്പരാഗത മൂല്യനിർണയ സങ്കൽപങ്ങളെ ചോദ്യം ചെയ്തവർ ഇപ്പോൾ അവയിലേക്കു മടങ്ങിവരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുടെ ഫെഡറൽ റിസർവ് അടക്കം കേന്ദ്ര ബാങ്കുകൾ ലോകമെങ്ങും പണപ്രളയം നടത്തി. ആ പണമൊഴുക്കിൽ നിന്ന് ഓഹരി വിപണിയിലേക്ക് ഒഴുകിയ സമ്പത്താണ് ആസ്തികളെ പിടികിട്ടാത്ത ഉയരത്തിൽ എത്തിച്ചത്. കേന്ദ്ര ബാങ്കുകൾ നയം മാറ്റി. പണമൊഴുക്കു നിർത്തി.

നേരത്തേ ഒഴുക്കിയ പണം തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങി. പണപ്രളയത്തിൽ ഉയർന്ന ഓഹരിവിലകൾ ഇടിയുന്നു. മിക്ക രാജ്യങ്ങളിലും ഓഹരി സൂചികകൾ ഒരു വർഷം മുമ്പത്തെ നിലയിലേക്കു താഴ്ന്നത് ഇക്കാരണത്താലാണ്. ഇനിയും താഴാൻ വഴിയുമുണ്ട്.

This section is powered by Muthoot Finance


Tags:    

Similar News