ആഗോള വിപണികളിൽ ഉണർവ്; നിക്ഷേപകർ പ്രതീക്ഷയിൽ; ക്രൂഡ് ഓയിൽ വില കയറുന്നു; രൂപയ്ക്ക് ക്ഷീണം എന്തുകൊണ്ട്?

സാം ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്മാനെയും നിയമിച്ച മൈക്രോസോഫ്റ്റിനു വലിയ നേട്ടം, ഓഹരി റെക്കോഡ് കുറിച്ചു

Update:2023-11-21 08:26 IST

ആഗോള വിപണികളിൽ ചെറിയ ഉണർവ്. അത് ഇന്ത്യയിലും പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. ക്രൂഡ് ഓയിൽ വില ഉയരുന്നത് ആശങ്കയാണ്. ഡോളർ-രൂപ വിനിമയനിരക്കിലെ ക്രമമായ ഇടിവും ഗൗരവമുള്ളതാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,809-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം താണു. പിന്നീടു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ഭിന്നദിശകളിലായിരുന്നു. സ്റ്റാേക്സ്‌ 600 ഉം സി.എ.സിയും അൽപം ഉയർന്നു. ഡാക്സ് താഴ്ന്നു.

രക്തം കട്ടപിടിക്കുന്നതു തടയാൻ സഹായിക്കുന്ന ഒരു രാസ സംയുക്തം വേണ്ടത്ര ഫലപ്രദമല്ല എന്നു കണ്ട് ഉപക്ഷിച്ചതായ അറിയിപ്പിനെ തുടർന്നു ജർമൻ ഔഷധ കമ്പനി ബായറിന്റെ ഓഹരി 18 ശതമാനം ഇടിഞ്ഞു.

യു.എസ് വിപണി സൂചികകൾ തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. ടെക് ഓഹരികളാണ് സൂചികകളെ ഉയർത്തിയത്. ചിപ് നിർമാതാക്കളായ എൻവിഡിയ (NVIDIA) ചൊവ്വാഴ്ച മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കാനിരിക്കെ കമ്പനിയുടെ ഓഹരി റെക്കോർഡ് നിലയിലായി. ഓപ്പൺ എ.ഐ യിൽ നിന്നു പുറത്താക്കപ്പെട്ടവരെ ഏറ്റെടുത്ത മൈക്രാേസോഫ്റ്റിന്റെ ഓഹരിയും റെക്കോർഡ് കുറിച്ചു.

ഡൗ ജോൺസ് 203.76 പോയിന്റ് (0.58%) കയറി 35,151ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.36 പോയിന്റ് (0.74%) കയറി 4547.38 ൽ അവസാനിച്ചു. നാസ്ഡാക് 159.05 പോയിന്റ് (1.13%) ഉയർന്ന് 14,284.5 ൽ ക്ലോസ് ചെയ്തു.

യു.എസ് കടപ്പത്ര വിലകൾ തിങ്കളാഴ്ച കയറി. അവയിലെ നിക്ഷേപനേട്ടം 4.408 ശതമാനമായി കുറഞ്ഞു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ സൂചിക 0.05-ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.13-ഉം ശതമാനം കയറി നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി ഉയർന്നു തുടങ്ങി. ജപ്പാനിൽ നിക്കെെ സൂചിക താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്. 1990 നു ശേഷമുള്ള ഏറ്റ ഉയർന്ന നിലയിലായിരുന്നു നിക്കെെ ഇന്നലെ. കൊറിയയിൽ വിപണി ഉയർന്നു നിൽക്കുന്നു. ചൈനീസ് വിപണിയും നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചെറിയ മേഖലയിൽ ചാഞ്ചാട്ടത്തിലായിരുന്നു. സെൻസെക്സ് 139.58 പോയിന്റ് (0.21%) താഴ്ന്ന് 65,655.15 ലും നിഫ്റ്റി 37.8 പോയിന്റ് (0.19%) താഴ്ന്ന് 19,694 ലും എത്തി. ബാങ്ക് നിഫ്റ്റി ഒരു പോയിന്റ് കയറി 43,584.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.11 ശതമാനം കയറി 41,856.45 ലും സ്മോൾ ക്യാപ് സൂചിക 0.07 ശതമാനം ഉയർന്ന് 13,872.8 ലും അവസാനിച്ചു.

വാഹന കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതാണ് വിപണിയെ താഴ്ത്തിയത്. റിലയൻസ് ഓഹരിയും ഇടിഞ്ഞു. രാവിലെ ബാങ്ക് നിഫ്റ്റി നഷ്ടത്തിലായിരുന്നെങ്കിലും ക്ലോസിംഗിൽ പോസിറ്റീവ് ആയി. ഐടി ഓഹരികൾ നേട്ടം ഉണ്ടാക്കി.

ഇന്നു നിഫ്റ്റിക്ക് 19,670 ലും 19,620 ലും പിന്തുണ ഉണ്ട്. 19,740 ഉം 19,795 ഉം തടസങ്ങളാകും.

വിദേശ നിക്ഷേപകർ തിങ്കളാഴ്ചയും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 645.72 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 77.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

അലൂമിനിയവും ചെമ്പും ഇന്നലെ വലിയ കുതിപ്പു നടത്തി. മറ്റു വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. അലൂമിനിയം 1.42 ശതമാനം കയറി ടണ്ണിന് 2241.95 ഡോളറിലായി. ചെമ്പ് 2.11 ശതമാനം കുതിച്ചു ടണ്ണിന് 8340.10 ഡോളറിലെത്തി. ലെഡ് 0.16 ശതമാനം ഉയർന്നു. നിക്കൽ 0.86 ഉം സിങ്ക് 0.23 ഉം ടിൻ 1.2 ഉം ശതമാനം താഴ്ചയിലായി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഇന്നലെ മാത്രം രണ്ടര ശതമാനം വർധിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 82.32 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 77.60 ഡോളറിലേക്കും കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 82.23 ഉം 77.78 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 83.92 ഡോളറിൽ വ്യാപാരം നടക്കുന്നു. ഒപെക് ക്രൂഡ് ഓയിൽ ഉൽപാദനം ഇനിയും കുറയ്ക്കും എന്ന സംസാരം വിപണിയിൽ ഉണ്ട്.

സ്വർണവില ഇന്നലെ അൽപം താഴ്ന്ന് ഔൺസിന് 1978.60 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ കുതിച്ച് 1990 ഡോളർ വരെ എത്തി.

കേരളത്തിൽ പവൻവില മാറ്റമില്ലാതെ 45,240 രൂപയിൽ തുടർന്നു. ഇന്നു വില കയറാം. 

ഡോളർ കയറുന്നു

ഡോളർ എട്ടു പൈസ കയറി 83.35 രൂപയിൽ ക്ലോസ് ചെയ്തു. ഇതു ഡോളറിന്റെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നിരക്കാണ്. ഡോളർ സൂചിക താഴുന്ന അവസരത്തിലാണ് രൂപ ദുർബലമായത് എന്നതു ശ്രദ്ധേയമാണ്. ഇന്നലെ വ്യാപാരത്തിനിടയിൽ ഡോളർ 83.38 വരെ എത്തിയതാണ്. റിസർവ് ബാങ്ക് രൂപയെ താങ്ങിനിർത്താൻ ഇടപെട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ റിസർവ് ബാങ്ക് രൂപയുടെ ഇടിവ് നിയന്ത്രിക്കാൻ രംഗത്തുണ്ടായിരുന്നു.

ഈ ധനകാരു വർഷം ഇതുവരെ രൂപ ഒന്നര ശതമാനം താഴ്ന്നിട്ടുണ്ട്. ഡോളർ കയറ്റത്തിനു ശേഷം താഴ്ന്ന സാഹചര്യത്തിലും രൂപ താഴുകയായിരുന്നു. യുഎസ് പലിശനിരക്ക് ഇനി കുറയും എന്ന നിഗമനത്തിലാണ് ഈ ദിവസങ്ങളിൽ ഡോളർ സൂചിക താഴ്ന്നത്. രൂപയ്ക്ക് അതിന്റെ നേട്ടം എടുക്കാനായില്ല. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും വ്യാപാരകമ്മി ഉയർന്നു നിൽക്കുന്നതും രൂപയെ ദുർബലമാക്കുന്നു.

ഡോളർ സൂചിക ഇന്നലെയും താഴ്ന്നു. സൂചിക 103.45 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.34 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 37,600 ഡോളറിനു മുകളിലായി. 

മൈക്രോസോഫ്റ്റിനു നേട്ടം

നിർമിതബുദ്ധി മേഖലയിലെ കോളിളക്കത്തിൽ നിന്ന് മൈക്രോസോഫ്റ്റിനു വലിയ നേട്ടം. ഓപ്പൺ എ.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും മൈക്രോസോഫ്റ്റിൽ എടുത്തു. നിർമിതബുദ്ധി ഗവേഷണ വിഭാഗത്തിന്റെ തലപ്പത്താണ് ഇവരെ നിയമിച്ചത്.

ഇവരെ തിരികെ ഓപ്പൺ എഐയിൽ എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാേടെയാണു മൈക്രോസോഫ്റ്റിന്റെ നീക്കം. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയുടെ മികച്ചൊരു കരുനീക്കമായി ഇതു കരുതപ്പെടുന്നു. ഓപ്പൺ എ.ഐയിൽ 49 ശതമാനം ഓഹരി മൈക്രോസോഫ്റ്റിനുണ്ട്. ഇപ്പോൾ അതിലെ പ്രമുഖ വിദഗ്ധരും മൈക്രോസോഫ്റ്റിലായി. ഓപ്പൺ എ.ഐയിൽ നിന്നു നൂറു കണക്കിനു ഗവേഷകർ ആർട്ട്മാന്റെ പിന്നാലെ വരുമെന്നു സൂചനയുണ്ട്.

ഇതിനിടെ ഓപ്പൺ എ.ഐയിൽ വീണ്ടും മാറ്റങ്ങൾ വന്നു. ഇടക്കാല മേധാവിയായ മിരാ മുറാട്ടിയെ മാറ്റി എമ്മറ്റ് ഷിയറെ നിയമിച്ചു. ട്വിച്ച് എന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഉണ്ടാക്കിയ ആളാണു ഷിയർ. നിർമിത ബുദ്ധി പരീക്ഷണങ്ങൾ നിയന്ത്രിക്കണം എന്ന വാദക്കാരനാണ്.


വിപണി സൂചനകൾ

(2023 നവംബർ 20, തിങ്കൾ)


സെൻസെക്സ്30 65,655.15 -0.21%

നിഫ്റ്റി50 19,694.00 -0.19%

ബാങ്ക് നിഫ്റ്റി 43,584.95 -0.00%

മിഡ് ക്യാപ് 100 41,856.45 +0.11%

സ്മോൾ ക്യാപ് 100 13,872.80 -0.07%

ഡൗ ജോൺസ് 30 35,151.00+0.58%

എസ് ആൻഡ് പി 500 4547.38 +0.74%

നാസ്ഡാക് 14,284.50 +1.13%

ഡോളർ ($) ₹83.35 +₹0.08

ഡോളർ സൂചിക 103.45 -0.47

സ്വർണം (ഔൺസ്) $1978.60 -$02.60

സ്വർണം (പവൻ) ₹45,240 ₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.32 +$1.94

Tags:    

Similar News