റിസ്‌ക് കുറയ്ക്കാന്‍ പുതിയ തന്ത്രങ്ങള്‍ തേടി മ്യൂച്വല്‍ ഫണ്ടുകള്‍

പുതിയ രണ്ടു മ്യൂച്വല്‍ ഫണ്ടുകള്‍ വിദേശ ഓഹരികളില്‍ നിക്ഷേപിക്കും

Update:2020-12-08 13:56 IST

ഓഹരി വിപണികള്‍ ഓരോ ആഴ്ചയും പുതിയ ഉയരങ്ങളിലെത്തുമ്പോള്‍, ചില മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ വൈവിധ്യവത്കരണത്തിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനുള്ള വഴികള്‍ തേടുന്നു. ഇത്തരം തന്ത്രങ്ങളിലൊന്ന് ആഗോള വിപണിയില്‍ നിക്ഷേപിക്കുക എന്നതാണ്. കഴിഞ്ഞയാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറന്ന രണ്ട് പുതിയ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒ) വിദേശ ഓഹരികളില്‍ കോര്‍പ്പസിന്റെ ഒരു ഭാഗം നിക്ഷേപിക്കും.

കഴിഞ്ഞയാഴ്ച തുറന്ന ആക്‌സിസ് സ്‌പെഷ്യല്‍ സിചുവേഷന്‍സ് ഫണ്ട് മുപ്പതു ശതമാനവും ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇ.എസ്.ജി ഫണ്ട് മുപ്പത്തഞ്ചു ശതമാനവും വരെ വിദേശ ഓഹരി വിപണികളില്‍ നിക്ഷേപിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ വിദേശ വിപണിയിലെ നിക്ഷേപം പോര്‍ട്ട്‌ഫോളിയോയെ അപകടങ്ങളില്‍ നിന്ന് സഹായിക്കും എന്ന് ഇവര്‍ കരുതുന്നു. കൂടാതെ, വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒരു നിശ്ചിത കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നേടാന്‍ സഹായിക്കുക മാത്രമല്ല, ഇതുവഴി അതിവേഗം വളരുന്ന ചില വിദേശ കമ്പനികളുടെ വിജയ കഥകളില്‍ പങ്കാളികളാകുവാനും ഇവര്‍ക്ക് കഴിയും .

വൈവിധ്യവല്‍ക്കരണം വാഗ്ദാനം ചെയ്യുന്ന വിദേശ ഓഹരികളെ മറ്റൊരു അസറ്റ് ക്ലാസായി കാണണമെന്ന് ആക്‌സിസ് എഎംസി ഫണ്ട് മാനേജര്‍ ആശിഷ് നായിക് പറഞ്ഞു. 'ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുമായി കുറഞ്ഞ ബന്ധമുള്ളതും അപകടസാധ്യതകളെ വൈവിധ്യവത്കരിക്കുന്നതുമായ മറ്റൊരു സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശനം നേടാനാകും എന്നുള്ളതാണ് ഇതിന്റെ സവിശേഷത.'

വൈവിധ്യവല്‍ക്കരണം കാരണം മികച്ച വരുമാനം നേടാന്‍ കഴിവുള്ള തീമാറ്റിക് ഫണ്ടുകളായി ഈ ഫണ്ടുകള്‍ മാറും. മള്‍ട്ടിഅസറ്റ് ഫണ്ടുകളും ഇന്ത്യന്‍, വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളും കൈകാര്യം ചെയ്യുന്ന നിരവധി ഫണ്ട്ഹൗസുകള്‍ ഉണ്ട്. ഇത് മുഖ്യധാരയാകാനുള്ള സാധ്യതകളും കാണുന്നുണ്ട്.

ആഭ്യന്തര ഓഹരഹികളില്‍ നിന്നുള്ള സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 9.4 ശതമാനവും മൂന്ന് വര്‍ഷത്തിനിടെ 9.05 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 11.07 ശതമാനവുമാണ്. മാര്‍ച്ച് മുതല്‍ വിപണിയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടെങ്കിലും നിക്ഷേപകര്‍ വിപണിയില്‍ നിന്നുള്ള പ്രതീക്ഷകള്‍ കുറയ്‌ക്കേണ്ടതുണ്ടെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, വിദേശ വിപണികളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നീണ്ട കാലം ഇടപെട്ടു പരിചയമുള്ള നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്. ഇത് അവരുടെ പോര്‍ട്ട്‌ഫോളിയോകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ സഹായിക്കും.

യൂണിയന്‍ എഎംസി സിഇഒ ജി പ്രദീപ്കുമാര്‍ പറഞ്ഞു, ''വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇത്തരം ഫണ്ടുകള്‍ ഇന്ത്യന്‍ വിപണികളുമായി ഗണ്യമായ പരിചയമുള്ള നിക്ഷേപകര്‍ക്കു ഉചിതമാണ്. ഉയര്‍ന്ന വരുമാനം ഉണ്ടാക്കുന്നതിനേക്കാള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ അപകടസാധ്യത കുറയ്ക്കുക എന്ന വീക്ഷണത്തില്‍ നിന്നാണ് ഇവയില്‍ നിക്ഷേപിക്കേണ്ടത്.''

ഒരു അസറ്റ് ക്ലാസായി മൂലധനം വിദേശ വിപണിയില്‍ നിക്ഷേപിച്ച മിക്ക ഫണ്ടുകള്‍ക്കും ഒരു വര്‍ഷ കാലയളവില്‍ ആഭ്യന്തര വിപണിയുടെ സിഎജിആര്‍ ബെഞ്ച്മാര്‍ക്കിനെ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്ന്, അഞ്ച് വര്‍ഷ കാലയളവില്‍ സിഎജിആര്‍ ബെഞ്ച്മാര്‍ക്കിനെക്കാള്‍ താഴെയാണ് ഇത്തരം ഫണ്ടുകളുടെ പ്രകടനം.

Tags:    

Similar News